ഉത്തർപ്രദേശിലെ ലഖിംപൂരിൽ കർഷകർക്ക് മേൽ വാഹനം ഇടിച്ചു കയറ്റിയ സംഭവം ഇന്ന് സുപ്രിംകോടതിയിൽ. ഉത്തർപ്രദേശിലെ രണ്ട് അഭിഭാഷകരുടെ കത്തിന്റെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കേസാണ് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്. ഒൻപത് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിന്റെ അന്വേഷണം സിബിഐക്ക് വിടണമെന്നാണ് അഭിഭാഷകരുടെ ആവശ്യം.
അതേസമയം, സംഭവത്തിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം. കേന്ദ്രമന്ത്രി അജയ് കുമാർ മിശ്രയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും, മകൻ ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിനും, ഉത്തർപ്രദേശ് സർക്കാരിനും അന്ത്യശാസനം നൽകി. ഇല്ലെങ്കിൽ വൻ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്നും കർഷക സംഘടനകൾ മുന്നറിയിപ്പ് നൽകി.
അതിനിടെ ലഖിംപൂർ ഖേരി സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ അജയ് മിശ്ര കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടു. ലഖിംപൂരിലെ കർഷക കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ മിശ്രയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം മുറവിളികൂട്ടുന്നതിനിടെയാണ് കൂടിക്കാഴ്ച നടത്തിയത്. അജയ് മിശ്രയുടെ ലഖിംപൂർ സന്ദർശനത്തിൽ പ്രതിഷേധിക്കാനെത്തിയ കർഷകരുടെ നേർക്ക് അദ്ദേഹത്തിന്റെ മകൻ ആശിഷ് മിശ്രയുടെ വാഹനം ഓടിച്ചുകയറ്റുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. നാല് കർഷകർ ഉൾപ്പെടെ 9പേർക്കാ ണ് ജീവൻ നഷ്ടമായത്. മന്ത്രിയുടെ അകമ്പടി വാഹനങ്ങളിലൊന്നാണ് പ്രതിഷേധിച്ചവർക്ക് നേരെ ഓടിച്ചു കയറ്റിയത്. ആശിഷ് മിശ്രയ്‌ക്കെതിരെ കൊലക്കുറ്റത്തിന് യു.പി. പൊലീസ് കേസ് എടുത്തിട്ടുണ്ടെങ്കിലും ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.