India National

എസ്.ബി.ഐ എഴുതിത്തള്ളിയത് 220 ‘ഉന്നതരുടെ’ 76,600 കോടി വായ്പ

രാജ്യം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ‘ഉന്നതരുടെ’ കടങ്ങൾ കൂട്ടത്തോടെ എഴുതിത്തള്ളുന്നതായി വിവരാവകാശ രേഖ. 220 വ്യക്തികളുടേതായുള്ള 76,600 കോടി രൂപയാണ് എസ്.ബി.ഐ എഴുതിത്തള്ളിയതെന്നും പണക്കാരെ രക്ഷിക്കുന്നതിൽ പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമുള്ള മറ്റ് ബാങ്കുകളും മോശമല്ലെന്നും സി.എൻ.എൻ ന്യൂസ് 18 റിപ്പോർട്ടിൽ പറയുന്നു.

നൂറ് കോടിയിലേറെ വായ്പയെടുത്ത 220 പേരെയും 500 കോടിക്കുമേൽ സ്വന്തമാക്കിയ 33 പേരെയുമാണ് എസ്.ബി.ഐ കടം എഴുതിത്തള്ളി രക്ഷിച്ചത്. രാജ്യത്തെ ബാങ്കുകൾ മൊത്തമായി 2.75 ലക്ഷം കോടി രൂപയുടെ കടങ്ങളാണ് എഴുതിത്തള്ളിയത്.

100 കോടിക്കുമേൽ വായ്പയെടുക്കുകയും ബാങ്കുകൾ എഴുതിത്തള്ളുകയും ചെയ്ത 980 പേരുണ്ടെന്നാണ് റിസർവ് ബാങ്കിന്റെ കണക്ക്. ഇതിൽ അഞ്ചിലൊന്നിലധികം – 280 അക്കൗണ്ടുകൾ – എസ്.ബി.ഐയിലാണ്. 500 കോടിയിലേറെ വായ്പയെടുത്ത ശേഷം ബാങ്കുകൾ ‘രക്ഷിച്ചത്’ 71 പേരെയാണ്. ഇതിലും 33 ശതമാനം എസ്.ബി.ഐ തന്നെ. മൊത്തം കണക്കെടുക്കുമ്പോൾ ഒരു അക്കൗണ്ടിന് ശരാശരി 348 കോടി രൂപ എന്ന നിരക്കിലാണ് എഴുതിത്തള്ളിയിരിക്കുന്നത്.

പൊതുമേഖലയിലെ പഞ്ചാബ് നാഷണൽ ബാങ്ക് 94 നൂറുകോടി കടക്കാരുടെ കടങ്ങൾ എഴുതിത്തള്ളി. ഇത്തരത്തില് നഷ്ടമായത് 27024 കോടി രൂപയാണ്. 500 കോടിയോ അതിലധികമോ ഉള്ള കടം പി.എൻ.ബി എഴുതിത്തള്ളിയത് 12 പേരുടേതാണ്. ഈ ഗണത്തിൽ ബാങ്കിന് നഷ്ടമായത് 9037 കോടി.

സ്വകാര്യമേഖലയിൽ ഐ.ഡി.ബി.ഐ ആണ് എഴുതിത്തള്ളിയ ബാങ്കുകളിൽ മുന്നിൽ. 100 കോടി രൂപയും അതിൽ കൂടുതലും 71 വായ്പയെടുത്തവരാണ് ഐ‌ഡി‌ബി‌ഐയ്ക്കുള്ളത്, ആകെ 26,219 കോടി രൂപ എഴുതിത്തള്ളിയിട്ടുണ്ട്. കാനറ ബാങ്കിനും 100 കോടി രൂപയും അതിൽ കൂടുതലും കുടിശ്ശികയുള്ള 63 അക്കൗണ്ടുകളും 500 കോടി രൂപയും അതിൽ കൂടുതലും വായ്പയെടുത്ത് രക്ഷപ്പെട്ട 7 അക്കൗണ്ടുകളും ഉണ്ട്.