India

“സത്യാഗ്രഹത്തിലൂടെ ധാർഷ്ട്യത്തെ പരാജയപ്പെടുത്തി”: രാഹുൽ ഗാന്ധി

മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി രാഹുൽ ഗാന്ധി. രാജ്യത്തെ കർഷകർ സത്യാഗ്രഹത്തിലൂടെ ധാർഷ്ട്യത്തെ പരാജയപ്പെടുത്തി എന്ന് രാഹുൽ പറഞ്ഞു. ട്വിറ്ററിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

“കേന്ദ്ര തീരുമാനം കർഷക സമരത്തിന്റെ വിജയമാണ്. കർഷകർ സത്യാഗ്രഹത്തിലൂടെ അഹങ്കാരത്തെ തോൽപിച്ചു. ജയ് ഹിന്ദി, ജയ് കർഷകർ…” രാഹുൽ ട്വീറ്റ് ചെയ്തു. “എന്റെ വാക്കുകൾ അടയാളപ്പെടുത്തുക, സർക്കാരിന് കാർഷിക നിയമങ്ങൾ തിരിച്ചെടുക്കേണ്ടി വരും” എന്ന തന്റെ പഴയ ട്വീറ്റിനൊപ്പമാണ് രാഹുലിന്റെ പ്രതികരണം.

ഗുരു നാനാക്ക് ജയന്തി ദിനത്തിലാണ് പ്രധാനമന്ത്രിയുടെ നിർണായക പ്രഖ്യാപനം. മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. കർഷകരുടെ വരുമാനം ഇരട്ടിയാക്കണമെന്നായിരുന്നു സർക്കാർ ലക്ഷ്യമിട്ടത്. ചെറുകിട കർഷകരെ ലക്ഷ്യം വച്ചായിരുന്നു നിയമം. ശാസ്ത്രീയമായി മണ്ഡികളുടെ പ്രവർത്തനം ക്രമീകരിക്കാനായിരുന്നു സർക്കാരിൻ്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡികളെ ക്രമീകരിക്കാൻ സർക്കാർ ശ്രമിച്ചു. എന്നാൽ, ഇത് മനസ്സിലാക്കാൻ ഒരു വിഭാഗം കർഷകർ തയ്യാറായില്ല. അവർ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സമരം സംഘടിപ്പിച്ചു. സമരത്തെ ദീർഘമായി നീട്ടിക്കൊണ്ടുപോകാൻ ആഗ്രഹിക്കുന്നില്ല. അവരെ ബോധ്യപ്പെടുത്താൻ ഏറെ ശ്രമിച്ചു എന്നും പ്രധാനമന്ത്രി പറഞ്ഞു.