India

ജനസംഖ്യാ നിയന്ത്രണ ബില്‍ ദേശവിരുദ്ധം; പ്രത്യേക ജനവിഭാഗത്തെ നശിപ്പിക്കുന്നതെന്ന് ശശി തരൂര്‍ എംപി

ഉത്തര്‍പ്രദേശിലെ ജനസംഖ്യാ നിയന്ത്രണ ബില്ലിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ബില്‍ ദേശവിരുദ്ധമാണെന്നും പ്രത്യേക ജനവിഭാഗത്തെ നശിപ്പിക്കുമെന്നും ശശി തരൂര്‍ കുറ്റപ്പെടുത്തി. അംസം, യുപി സംസ്ഥാനങ്ങള്‍ ബില്ലിന്റെ കരട് പുറത്തുവിട്ടതില്‍ ബിജെപിക്കെതിരെ വിമര്‍ശനമുന്നയിച്ച തരൂര്‍, ജനസംഖ്യ സ്ഥിരമായി ഒരേ രീതിയില്‍ നിലനില്‍ക്കുന്നതല്ലെന്നും ക്രമാനുഗതമായി കുറയുമെന്നും ചൂണ്ടിക്കാട്ടി.

‘അസമില്‍ ഈ ബില്‍ പാസാക്കുന്നത് അവിടെയുള്ള കുടിയേറ്റക്കാരായ ബംഗാളികളായ മുസ്ലിം ജനത്തെ ഉദ്ദേശിച്ചാണ്. ഇപ്പോള്‍ യുപിയില്‍ യോഗി ആദിത്യനാഥും അദ്ദേഹത്തിന്റെ വലംകയ്യും എന്താണ് ചെയ്യാന്‍ പോകുന്നത് എന്നും വ്യക്തമാണ്. ലക്ഷദ്വീപിലാണെങ്കില്‍ 96 ശതമാനവും മുസ്ലിം ജനതയാണ്. അസം, യുപി, ലക്ഷദ്വീപ് എന്നീ മൂന്ന് സ്ഥലങ്ങള്‍ ബിജെപി, അവരുടെ നയം നടപ്പിലാക്കാന്‍ പോകുന്നവയാണ്. ഇത് തീര്‍ത്തും വിചിത്രമാണ്. ഇതാണ് ദേശവിരുദ്ധമെന്ന് പറയുന്നത്’. ശശി തരൂര്‍ പ്രതികരിച്ചു.

ജനസംഖ്യാ നിയന്ത്രണ ബില്ലിന്റെ കരട് രൂപം പുറത്തായതിന് പിന്നാലെ, വിമര്‍ശനങ്ങള്‍ വ്യാപകമായിരുന്നു. ബില്‍ ജനാധിപത്യത്തിന്റെ കൊലപാതകമാണെന്ന് സമാജ്വാദി പാര്‍ട്ടി വിശേഷിപ്പിച്ചപ്പോള്‍ രാഷ്ട്രീയ അജണ്ടയാണ് ബില്ലിന് പിന്നിലെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചത്.

ബില്‍ പ്രകാരം സംസ്ഥാനത്ത് രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവരെ സര്‍ക്കാരിന്റെ ആനുകൂല്യങ്ങളില്‍ നിന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും വിലക്കും. സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കുന്നതില്‍ നിന്നും ബില്‍ ജനങ്ങളെ വിലക്കും. അതേസമയം റേഷന്‍ കാര്‍ഡ് നാല്‌പേര്‍ക്കായി ബില്‍ പരിമിതപ്പെടുത്തുന്നുണ്ട്. രണ്ട് കുട്ടികള്‍ ഉള്ളവര്‍ക്ക് നിരവധി സഹായങ്ങളും സംസ്ഥാന സര്‍ക്കാര്‍ ബില്ലില്‍ പരാമര്‍ശിക്കുന്നുണ്ട്. രണ്ട് കുട്ടികളുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സര്‍വീസില്‍ രണ്ട് ഇന്‍ക്രിമെന്റുകള്‍ അധികം നല്‍കാന്‍ ബില്‍ ശുപാര്‍ശ ചെയ്യുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ ഇല്ലാത്തവരാണെങ്കില്‍ വെള്ളം, വൈദ്യുതി, വീട് നികുതി, വീട് നിര്‍മിക്കാനായി എടുക്കുന്ന ലോണുകള്‍ എന്നിവയില്‍ ഇളവ് ലഭിക്കും. ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് പ്രത്യേക പ്രൊവിഡന്റ് ഫണ്ടും ലഭിക്കും. ഒരു മകനോ മകളോ ഉള്ളവര്‍ക്കും നിരവിധ സഹായങ്ങള്‍ ശുപാര്‍ശ ചെയ്യുന്നതാണ് പുതിയ കരട്.
അസമില്‍ കഴിഞ്ഞ മാസമാണ് ബിജെപി സര്‍ക്കാര്‍ ജനസംഖ്യാ നിയന്ത്രണ ബില്‍ മുന്നോട്ടുവച്ചത്.