സൂറത്ത് കോടതി വിധി വന്നതിന് പിന്നാലെ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കാനുള്ള ലോക്സഭാ സെക്രട്ടറിയേറ്റിന്റെ തീരുമാനത്തിന്റെ വേഗത തന്നെ ഞെട്ടിക്കുന്നുവെന്ന് ശശി തരൂര്‍. കോടതി വിധി വന്ന് 24 മണിക്കൂറുകള്‍ക്കുള്ളിലാണ് നടപടിയുണ്ടായിരിക്കുന്നത്. ഇതിനെതിരെ നല്കിയ അപ്പീല്‍ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ലോക്സഭാ വിജ്ഞാപനമെന്ന് ശശി തരൂര്‍ ചൂണ്ടിക്കാട്ടി. നടപടികള്‍ക്ക് പിന്നിലെ രാഷ്ട്രീയം പുറത്തേക്ക് വരികയാണെന്നും ഇത് നമ്മുടെ ജനാധിപത്യത്തിന് ദോഷകരമാണെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ( Sashi Tharoor on Rahul Gandhi disqualification Lok sabha )
മാനനഷ്ടക്കേസിലെ സൂറത്ത് കോടതി വിധിയ്ക്ക് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയെ എം പി സ്ഥാനത്തിന് അയോഗ്യനാക്കി ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഇറക്കിയത്. വിധിയുടെ പശ്ചാത്തലത്തില്‍ രാഹുല്‍ എം പി സ്ഥാനത്തിന് ഇന്നലെ മുതല്‍ അയോഗ്യനാണെന്നാണ് വിജ്ഞാപനം. വിവാദങ്ങള്‍ക്കിടെ രാഹുല്‍ ഇന്ന് സഭയിലെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് പാര്‍ലമെന്റ് പ്രക്ഷ്ഭുതമായതിന് പിന്നാലെയാണ് ലോക്സഭ നിര്‍ണായകമായ ഉത്തരവ് പുറത്തിറക്കിയിരുന്നത്. നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിവരം.