സുപ്രസിദ്ധ വെജിറ്റേറിയന്‍ ഹോട്ടല്‍ ശൃംഘലയായ ശരവണഭവന്റെ ഉടമ പി രാജഗോപാല്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. കൊലപാതക കേസില്‍ ജയിലില്‍ കഴിയുന്നതിനിടെ വ്യാഴാഴ്ചയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
രാജഗോപാല്‍ തന്റെ ഹോട്ടലിലെ ജീവനക്കാരന്റെ മകളെ വിവാഹം കഴിക്കാന്‍ നടത്തിയ കൊലപാതകത്തെ തുടര്‍ന്നാണ് ജയിലിലായത്. 2001-ലാണ് കേസിന് ആസ്പദമായ സംഭവം. ഒരു ജ്യോത്സ്യന്റെ ഉപദേശം കേട്ട് ഹോട്ടലിലെ ജീവനക്കാരന്റെ മകളായ ജീവജ്യോതിയെ മൂന്നാം ഭാര്യയാക്കാനായിരുന്നു രാജഗോപാല്‍ ശ്രമിച്ചത്.
എന്നാല്‍ ജീവനക്കാരനും കുടുംബവും മകളെ പ്രിന്‍സ് ശാന്തകുമാരന്‍ എന്നയാള്‍ക്ക് വിവാഹം ചെയ്തു നല്‍കി. എന്നാല്‍ കല്ല്യാണം കഴിഞ്ഞിട്ടും ജീവജ്യോതിയെ ശല്യം ചെയ്ത രാജഗോപാല്‍ ഇവരുടെ ഭര്‍ത്താവ് ശാന്തകുമാറിനെ രാജഗോപാല്‍ നിരന്തരം ഭീഷണിപ്പെടുത്തുക്കയും ചെയ്തിരുന്നു.
ഭീഷണിക്ക് വഴങ്ങാതിരുന്ന ശാന്തകുമാറിനെ ഗുണ്ടകളെ വിട്ട് തട്ടികൊണ്ടുപോയി കൊലപ്പെടുത്തി. കൊടൈക്കനാലില്‍വച്ചാണ് ശാന്തകുമാറിനെ രാജഗോപാലും സംഘവും കൊലപ്പെടുത്തിയത്. ജീവജ്യോതിയെ വിവാഹം കഴിച്ചാല്‍ ഐശ്വര്യങ്ങളുണ്ടാകുമെന്ന ജ്യോത്സ്യന്റെ പ്രവചനമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
സുപ്രീംകോടതിവരെ പോയെങ്കിലും കേസില്‍ ശിക്ഷിക്കപ്പെടുകയായിരുന്നു. ആരോഗ്യനില ചൂണ്ടിക്കാണിച്ച് തടവുശിക്ഷയില്‍ നിന്നും രക്ഷപ്പെടാനും ശ്രമം നടന്നു. കീഴടങ്ങല്‍ നീട്ടാനുള്ള അപേക്ഷയും സുപ്രീംകോടതി തള്ളി. ഇതോടെ ഓക്‌സിജന്‍മാസ്‌ക് ധരിച്ച് വീല്‍ചെയറിലെത്തിയായിരുന്നു ജൂലൈ ഒമ്പതിന് രാജഗോപാല്‍ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ കീഴടങ്ങിയത്. ജയിലില്‍ സഹായിയെ വേണമെന്ന 72കാരനായ രാജഗോപാലിന്റെ അപേക്ഷ പിന്നീട് കോടതി അംഗീകരിച്ചിരുന്നു.
സെഷന്‍സ് കോടതി രാജഗോപാലിന് പത്തുവര്‍ഷം തടവുശിക്ഷയാണ് വിധിച്ചത്. ശിക്ഷാവിധിക്കെതിരെ രാജഗോപാല്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. എന്നാല്‍, ഹര്‍ജി പരിഗണിച്ച മദ്രാസ് ഹൈക്കോടതി പത്തുവര്‍ഷം തടവുശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തുകയായിരുന്നു.
തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ ഉള്ളി കര്‍ഷകന്റെ മകനായാണ് രാജഗോപാലിന്റെ ജനനം. പലചരക്കു കച്ചവടക്കാരനായാണ് ചെന്നൈയില്‍ രാജഗോപാല്‍ എത്തുന്നത്. എന്നാല്‍ ശരവണ ഭവന്‍ എന്ന വെജിറ്റേറിയന്‍ ഹോട്ടല്‍സ്ഥാപിച്ചതോടെയാണ് പ്രസിദ്ധനാകുന്നത്. നിലവില്‍ ഇന്ത്യക്കുപുറമേ അമേരിക്ക, യു.കെ, ഫ്രാന്‍സ്, ആസ്‌ട്രേലിയ തുടങ്ങി 20 രാജ്യങ്ങളിലായി പരന്നു കിടക്കുന്ന ഹോട്ടല്‍ ശൃംഘലയാണ് ശരവണഭവന്‍