India National

അന്തരിച്ച ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രൊഫസര്‍ എസ്.എ.ആര്‍ ഗീലാനിയുടെ മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കാതെ ഡല്‍ഹി പൊലീസ്

അന്തരിച്ച മനുഷ്യാവകാശ പ്രവര്‍ത്തകനും ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രൊഫസറുമായ എസ്.എ.ആര്‍ ഗീലാനിയുടെ മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കാതെ ഡല്‍ഹി പൊലീസ്. കശ്മീരിലേക്ക് കൊണ്ടുപോകാനിരിക്കെയാണ് മൃതദേഹം വഹിച്ചുള്ള ആംബുലന്‍സ് പൊലീസ് തടഞ്ഞത്. സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് വേണമെന്ന് നിര്‍ബന്ധം പിടിച്ച പൊലീസ് കുടുംബത്തിന്റെ താത്പര്യം മറികടന്ന് മൃതദേഹം എയിംസിലേക്ക് കൊണ്ടുപോയി.

ഡല്‍ഹിയിലെ ഫോര്‍ട്ടീസ് ആശുപത്രിയില്‍ നിന്ന് റോഡ് മാര്‍ഗം മൃതദേഹം നേരിട്ട് കശ്മീരിലേക്ക് കൊണ്ടുപാകാനിരിക്കെയാണ് സംഭവം. രാത്രി പത്തരക്ക് ആശുപത്രിയില്‍ നിന്ന് മൃതദേഹം ആംബുലന്‍സിലേക്ക് എടുത്തുവെച്ചയുടനെ പൊലീസെത്തി വാഹനം തടഞ്ഞു.

പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്നാവശ്യപ്പെട്ടാണ് പൊലീസ് കുടുംബത്തെ തടഞ്ഞത്. സ്വാഭാവിക മരണത്തിന് പോസ്റ്റ് മോര്‍ട്ടം എന്തിനാണെന്ന് കുടുംബം ചോദിച്ചപ്പോള്‍ അതെഴുതി നല്‍കണമെന്നായി. എഴുതി നല്‍കിയിട്ടും പൊലീസ് പോകാനനുവദിച്ചില്ല. ഒടുവില്‍ സ്ഥലത്തെത്തിയ ഡി.സി.പി ഡോക്ടറുടെ മരണ സര്‍ട്ടിഫിക്കറ്റ് കണ്ടെങ്കിലും സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് തന്നെയുള്ള രേഖ വേണമെന്ന് നിര്‍ബന്ധിച്ച് മൃതദേഹം എയിംസിലേക്ക് കൊണ്ടുപോകുകയായിരുന്നു. മെഡിക്കല്‍ നിയമ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിച്ചാണ് മൃതദേഹം കൊണ്ടുപോയത്. ഒന്നര മണിക്കൂറിലധികമാണ് ആംബുലന്‍സ് പൊലീസ് റോട്ടില്‍ തടഞ്ഞിട്ടത്. ഗീലാനിയുടെ മൃതദേഹം കശ്മീരിലെത്തിക്കുന്നത് ക്രമസമാധാന പ്രശ്നത്തിനിടയാക്കുമെന്ന ഇന്റലിജന്‍സ് വിവരത്തെത്തുടര്‍ന്നാണ് പൊലീസ് ആംബുലന്‍സ് തടഞ്ഞതെന്നാണ് ലഭ്യമാകുന്ന സൂചന.