ഗുജറാത്ത് ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്ന സഞ്ജീവ് ഭട്ടിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 1990ല്‍ വര്‍ഗീയ കലാപം നടത്തിയെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്തയാളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്ന കേസിലാണ് ശിക്ഷ. ഗുജറാത്ത് വംശഹത്യാകേസില്‍ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കെതിരെ മൊഴി കൊടുത്ത ഉദ്യോഗസ്ഥന്‍ കൂടിയാണ് സഞ്ജീവ് ഭട്ട്.
കേസില്‍ 11 സാക്ഷികളെ കൂടി വിസ്തരിക്കാന്‍ അനുവദിക്കണമെന്ന സഞ്ജീവ് ഭട്ടിന്‍റെ ആവശ്യം മെയ് 24ന് സുപ്രീംകോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ജീവപര്യന്തം ശിക്ഷ വിധിച്ച് കൊണ്ടുള്ള ജാംനഗര്‍ സെഷന്‍സ് കോടതിയുടെ വിധി. ഗുജറാത്തിലെ ജാംനഗറില്‍ എ.എസ്.പി ആയിരുന്ന കാലത്ത് വര്‍ഗീയ കലാപത്തില്‍ 150 പേരെ സഞ്ജീവ് ഭട്ട് കസ്റ്റഡിയില്‍ എടുത്തിരുന്നു. അദ്വാനി രഥയാത്ര നടത്തുന്ന സമയത്താണ് ഈ വര്‍ഗീയകലാപം നടന്നിരുന്നത്. ഇതില്‍ പ്രഭുദാസ് എന്നയാള്‍ പിന്നീട് മരിക്കുകയായിരുന്നു. ഇയാള്‍ ചോദ്യം ചെയ്യലിനിടെ മര്‍ദ്ദനമേറ്റതിനെ തുടര്‍ന്നാണ് മരിച്ചതെന്നാണ് പ്രോസിക്യൂഷന്‍ വാദം.
സഞ്ജീവ് ഭട്ടിനൊപ്പം പ്രവീന്‍ സിന്‍ഹ് സല എന്ന പൊലീസ് ഉദ്യോഗസ്ഥനും കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിട്ടുണ്ട്. കൊലപാതക കുറ്റമാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെയുള്ള വിധി കോടതി പിന്നീട് പറയും. അഭിഭാഷകനെതിരെ മയക്കുമരുന്ന് കേസ് ചുമത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ നിലവില്‍ കസ്റ്റഡിയിലാണ് സഞ്ജീവ് ഭട്ട്. ഗുജറാത്ത് വംശഹത്യ കേസില്‍ നരേന്ദ്ര മോദിക്കെതിരെ സഞ്ജീവ് ഭട്ട് മൊഴി നല്‍കിയിരുന്നു. എങ്കിലും പ്രത്യേക അന്വേഷണസംഘം സഞ്ജീവ് ഭട്ടിന്‍റെ മൊഴി അടിസ്ഥാനരഹിതമാണെന്നാണ് വിലയിരുത്തിയത്.