India National

‘കോൺഗ്രസ് കാലത്ത് മുംബൈ ഭരിച്ചിരുന്നത് അധോലോകമായിരുന്നു’ സഞ്ജയ് റാവത്ത്

കോൺഗ്രസ് കാലത്ത് മുംബൈ ഭരിച്ചിരുന്നത് അധോലോകമായിരുന്നുവെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. അധോലോക കുറ്റവാളി കരിം ലാലയെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മുംബൈയിലെത്തി സന്ദർശിച്ചിട്ടുണ്ടെന്നുമായിരുന്നു പ്രസ്താവന. കോൺഗ്രസുമായി സഖ്യത്തിലിരിക്കെയുള്ള സഞ്ജയ് റാവത്തിന്‍റെ പ്രസ്താവന വിവാദമായിരിക്കുകയാണ്. പ്രസ്താവന പിൻവലിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. അധോലോക കുറ്റവാളി കരിം ലാലയെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മുംബൈയിലെ പൈഥുണിയിലെ വസതിയിൽ എത്തി സന്ദർശിച്ചിട്ടുണ്ട്.

1960-80 കാലത്ത് മദ്യലോബികളെയും കള്ളക്കടത്തുകാരെയും നിയന്ത്രിച്ചിരുന്നത് കരിം ലാല ആയിരുന്നു. കരിം ലാല, ദാവൂദ് ഇബ്രാഹിം, ചോട്ടാ ഷക്കീൽ, ശരത് ഷെട്ടി തുടങ്ങിയവരായിരുന്നു അക്കാലത്ത് മുംബൈ നഗരത്തെയും സമീപ പ്രദേശങ്ങളെയും കൈകാര്യം ചെയ്തിരുന്നത്. പോലീസ് കമ്മീഷണറുടെ നിയമനം, സർക്കാർ നേതൃത്വം എന്നിവയിൽ അടക്കം തീരുമാനമെടുത്തിരുന്നത് ഇവരായിരുന്നു. മുംബൈ സെക്രട്ടറിയേറ്റിലും വരാറുണ്ടായിരുന്നു ഇവര്‍. ഹാജി മസ്താൻ അടക്കമുള്ളവരെ കാണാൻ ജീവനക്കാരടക്കം തടിച്ചുകൂടുമായിരുന്നു. ഇന്ന് സ്ഥിതി മാറി എന്നുമായിരുന്നു സഞ്ജയ് റാവത്തിന്‍റെ പ്രസ്താവന. പ്രസ്താവന വിവാദമായതോടെ കോൺഗ്രസ് രംഗത്തെത്തി. മുൻ പ്രധാനമന്ത്രിയെ വിമർശിച്ചുള്ള പ്രസ്താവനയിൽ സഞ്ജയ് റാവത്ത് ദുഃഖിക്കേണ്ടിവരും. പ്രസ്താവന പിൻവലിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.