India

അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുന്ന കര്‍ഷകരെ ആക്രമിക്കുന്നത് ‘ താലിബാനി മനോഭാവം’; സഞ്ജയ് റാവത്ത്

അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുന്ന കര്‍ഷകരെ ആക്രമിക്കുന്നത് ‘ താലിബാനി മനോഭാവമാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. പൊലീസിന്റെയും സര്‍ക്കാരിന്റെയും മനോഭാവം മാറ്റണമെന്നും സഞ്ജയ് റാവത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ഹരിയാന കര്‍ണാലില്‍ കഴിഞ്ഞ ദിവസം നടന്ന ലാത്തി ചാര്‍ജില്‍ ഒരു കര്‍ഷകന്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ശിവസേന നേതാവിന്റെ പ്രതികരണം.

‘കര്‍ഷകരെ ആക്രമിക്കുന്നത് രാജ്യത്തിന് തന്നെ നാണകേടുണ്ടാക്കുന്നതാണ്. ഒരു തരത്തില്‍ ഇതും താലിബാനി മനോഭാവം തന്നെയാണ്. കര്‍ഷകര്‍ സമരം ചെയ്യുന്നത് അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയാണ്’. സഞ്ജയ് റാവത്ത് പറഞ്ഞു.

ഹരിയാനയിലെ കര്‍ണാലില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിപാടിയില്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ എത്തിയപ്പോഴായിരുന്നു കര്‍ഷകര്‍ പ്രതിഷേധിച്ചത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാനെത്തിയപ്പോഴായിരുന്നു കര്‍ഷകര്‍ക്കെതിരെ ലാത്തിവീശിയത്. കര്‍ണാലിലെ പൊലീസ് നടപടികള്‍ക്ക് പിന്നാലെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് കര്‍ഷക സംഘടനകള്‍. കര്‍ഷകരുടെ തല തല്ലി പൊളിക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്ന ആരോപണം ഉയര്‍ന്ന കര്‍ണാല്‍ എസ് ഡി എം ആയുഷ് സിന്‍ഹക്ക് എതിരെ നിയമനടപടികള്‍ ആലോചിക്കാന്‍ നാളെ കര്‍ണാല്‍ കര്‍ഷകര്‍ യോഗം വിളിച്ചിട്ടുണ്ട്. എസ് ഡി എമ്മിനെ പുറത്താക്കാന്‍ സര്‍ക്കാര്‍ തയ്യറാകണമെന്ന് കിസാന്‍ മോര്‍ച്ച ആവശ്യപ്പെട്ടു.

കര്‍ണാലിലെ പൊലീസ് നടപടിയില്‍ ന്യായീകരണം കണ്ടെത്തിയ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍, ആയുഷ് സിന്‍ഹയ്ക്ക് എതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കുമെന്ന് അറിയിച്ചു. ക്രമസമാധാനം ഉറപ്പാക്കാനാണ് പൊലീസ് നടപടിയെന്നാണ് സര്‍ക്കാരിന്റെ വാദം.