”എന്റെ അഞ്ചു മക്കളുടെ മരണത്തിന് ആര് മറുപടി നല്‍കും?” ആരാണവരെ കൊന്നത്? ഈ വിധി എന്റെ ജീവിതം തന്നെ ഇല്ലാതാക്കിയ പോലെ. കോടതിയില്‍ സാക്ഷി പറയാന്‍ പോലും എന്നോട് ആവശ്യപ്പെട്ടില്ല’ – പാകിസ്താനിലെ ഫൈസലാബാദ് സ്വദേശി റാണാ ഷൗക്കത്തലി ചോദിക്കുന്നു. 2007ല്‍ സംഝോത എക്സ്പ്രസില്‍ നടന്ന ബോംബാക്രമണത്തില്‍ അഞ്ചു മക്കളെയാണ് ഷൗക്കത്തലിക്ക് നഷ്ടപ്പെട്ടത്. കേസില്‍ മുഖ്യപ്രതി അസീമാനന്ദയടക്കം നാല് പ്രതികളെയും വെറുതെ വിട്ടുകൊണ്ട് എന്‍.ഐ.എ കോടതി വിധി വന്നതിന് പിന്നാലെ ഇന്ത്യന്‍ എക്സ്പ്രസിനോട് സംസാരിക്കുകയായിരുന്നു അലിയും കുടംബവും. സ്ഫോടനത്തിന് ശേഷം തങ്ങള്‍ ഇന്ത്യ സന്ദര്‍ശിച്ചെന്നും, എന്നാല്‍ സാക്ഷി പറയാനുള്ള അവസരം ഇരു രാജ്യങ്ങളും തങ്ങള്‍ക്ക് അനുവദിച്ച് നല്‍കിയില്ലെന്നും അലി പറയുന്നു. ഞങ്ങള്‍ സാക്ഷി പറഞ്ഞിരുന്നെങ്കില്‍ വിധി ഇന്ന് മറ്റൊന്നായിരുന്നേനെ അലി കൂട്ടിച്ചേര്‍ത്തു. പ്രതികള്‍ ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കാന്‍ അന്വേഷണ ഏജന്‍സിയ്ക്ക് സാധിച്ചില്ലെന്നും സംശയത്തിന്റെ ആനുകൂല്യം നല്കി പ്രതികളെ കോടതി വിട്ടയക്കുകയായിരുന്നു.
അലിയും കുടുംബവും ഡല്‍ഹിയിലെ ലക്ഷ്മി നഗറില്‍ ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു സ്ഫോടനം. അന്നത്തെ സ്ഫോടനത്തില്‍ അലിക്കും ഭാര്യ റുബ്സാനക്കും നഷ്ടമായത് തങ്ങളുടെ അഞ്ച് മക്കളെയാണ്. ആണ്മക്കളായ മുഹമ്മദ്, ബിലാല്‍(12), റാണ മുഹമ്മദ് അമീര്‍(11), മൂത്തമകള്‍ ഐഷ തപസൂം(16), മറ്റൊരു മകള്‍ അസ്മ ഷെഹ്സാദി(8) എന്നിവരാണ് അന്ന് തീയില്‍ വെന്തുമരിച്ചത്. ഇളയ മകള്‍ അക്സ ഷെഹ്സാദി മാത്രമാണ് അന്ന് ബാക്കിയായത്. അന്നത്തെ യാത്ര ഇപ്പോഴുമോര്‍ക്കുന്ന റുബ്സാന. ആണ്മക്കള് രണ്ടുപേര്‍ ഉറക്കത്തിലായിരുന്നു. ഐഷയും അസ്മയും സംസാരിച്ചിരിക്കുകയായിരുന്നു, സ്ഫോടന ശബ്ദം കേട്ട ഉടനെ റാണ പുറത്തേക്ക് ചാടി. ഭാര്യക്കും ഇളയ മകള്‍ക്കും രക്ഷപ്പെടാനായി. മറ്റുള്ളവരെ രക്ഷപ്പെടുത്താനായില്ല. അപ്പോഴേക്ക് എല്ലാം കഴിഞ്ഞിരുന്നു- അവര്‍ ഓര്‍ത്തെടുത്തു.
‘ഹിന്ദുവാണെങ്കിലും മുസ്ലിം ആണെങ്കിലും, അവര്‍ കുട്ടികളായിരുന്നില്ലെ’ റുബ്സാന ചോദിക്കുന്നു.
2007 ഫെബ്രുവരി 18നായിരുന്നു ലാഹോറിനും ദല്‍ഹിക്കുമിടയില്‍ സര്‍വീസ് നടത്തുന്ന സംഝോത എക്സ്പ്രസില്‍ സ്ഫോടനം നടന്നത്. ഹരിയാനയിലെ പാനിപത്തിനടുത്ത് വെച്ചായിരുന്നു സ്ഫോടനം. സ്ഫോടനത്തില്‍ മരണപ്പെട്ട 68 പേരില്‍ ഭൂരിഭാഗം പേരും പാകിസ്ഥാന് പൗരന്മാരായിരുന്നു.
ലോകേഷ് ശര്‍മ്മ, കമല്‍ ചൗഹാന്, രജീന്ദര്‍ ചൗധരി, എന്നിവരാണ് അസീമാനന്ദയെ കൂടാതെ വിട്ടയക്കപ്പെട്ട മറ്റു പ്രതികള്‍. കേസില്‍ എട്ട് പേര് കുറ്റാരോപിതരാണെങ്കിലും അസീമാനന്ദയടക്കം നാല് പേര് മാത്രമാണ് വിചാരണ നേരിട്ടത്. കമല്‍ ചൗഹാന്, രജീന്ദര്‍ ചൗധരി, ലോകേഷ് ശര്‍മ്മ എന്നീ പ്രതികള്‍ ഇപ്പോള്‍ അംബാല സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. അതേസമയം അമിത് ചൗഹാന്, രാമചന്ദ്ര കല്‍സന്‍ഗ്ര, സന്ദീപ് ഡാങ്കെ എന്നീ പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. കേസിലെ മുഖ്യപ്രതിയെന്ന് എന്‍.ഐ.എ വിശേഷിപ്പിച്ചിരുന്ന സുനില്‍ ജോഷി 2017ല്‍ മധ്യപ്രദേശില്‍ വെച്ച് കൊല്ലപ്പെട്ടിരുന്നു.