India National

കോണ്‍ഗ്രസിലെ നേതൃ പ്രതിസന്ധി; സല്‍മാന്‍ ഖുര്‍ഷിദിന്റെ പ്രസ്താവന പാര്‍ട്ടിക്ക് തലവേദനയാകുന്നു

കോണ്‍ഗ്രസിലെ നേതൃ പ്രതിസന്ധി സംബന്ധിച്ച മുതിര്‍ന്ന നേതാവ് സല്‍മാന്‍ ഖുര്‍ഷിദിന്റെ പ്രസ്താവന പാര്‍ട്ടിക്ക് തലവേദനയാകുന്നു. പ്രസ്താവനയെ പിന്തുണച്ച് ജോതിരാദിത്യ സിന്ധ്യ അടക്കമുള്ള നേതാക്കളും രംഗത്തെത്തി. വിഷയത്തില്‍ പ്രതികരിക്കാന്‍ എ.ഐ.സി.സി നേതൃത്വം തയ്യാറായില്ല.

ഹരിയാനയിലും മഹാരാഷ്ട്രയിലും നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണം ശക്തമാകാനിരിക്കെയാണ് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്ന മുതിര്‍ന്ന നേതാവ് സല്‍മാന്‍ ഖുര്‍ഷിദിന്റെ പ്രസ്താവന. ജോതിരാദിത്യ സിന്ധ്യ അടക്കമുള്ളവര്‍ പിന്തുണയുമായി എത്തിയതോടെ വിഷയത്തില്‍ എങ്ങിനെ പ്രതികരിക്കണമെന്നറിയാത്ത അവസ്ഥയിലാണ് മുതിര്‍ന്ന നേതാക്കള്‍. രാഹുല്‍ ഗാന്ധി തകര്‍ത്ത കോണ്‍ഗ്രസ് അതിജീവനത്തിനുള്ള പോരാട്ടത്തിലാണെന്ന പ്രചരണം ബി.ജെ.പി ആരംഭിച്ചു കഴിഞ്ഞു.

പ്രചരണ വേദികളിലടക്കം കോണ്‍ഗ്രസ് നിലപാടും നയവും നേതൃത്വവും ഇല്ലാത്ത പാര്‍ട്ടിയാണെന്ന് ബി.ജെ.പി നേതാക്കള്‍ ആവര്‍ത്തിക്കുന്നുണ്ട്. അധ്യക്ഷ പദത്തില്‍ നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ രാജി പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി. താല്‍ക്കാലിക പരിഹാരം എന്ന നിലയിലാണ് സോണിയ ഗാന്ധി ചുമതല ഏറ്റിരിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയ പ്രതീക്ഷയില്ല എന്നിങ്ങനെയായിരുന്നു സല്‍മാന്‍ ഖുര്‍ഷിദിന്റെ പ്രസ്താവന.