ഇന്ത്യയുടെ വനിതാ ബാഡ്മിന്റൻ താരം സൈന നെഹ്‌വാൾ ബി.ജെ.പിയില്‍. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബി.ജെ.പി ആസ്ഥാനത്തു നടന്ന ചടങ്ങിലാണ് സൈന അംഗത്വമെടുത്തത്. സൈനയുടെ മൂത്ത സഹോദരി ചന്ദ്രാൻശു നെഹ്‍വാളും ഇതേ ചടങ്ങിൽ ബിജെപി അംഗത്വമെടുത്തു. ഹരിയാനക്കാരിയായ സൈന ഡൽഹി തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കായി പ്രചാരണത്തിന് ഇറങ്ങുമെന്നാണ് സൂചന.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടയായാണ് ബി.ജെ.പിയില്‍ ചേരുന്നതെന്ന് സൈന പറഞ്ഞു. 2015ൽ ലോക വനിതാ ബാഡ്മിന്റൻ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യക്കാരിയായിരുന്നു സൈന. നിലവിൽ ഒൻപതാം റാങ്കിലുള്ള സൈന ഒളിംപിക്സിലും കോമൺവെൽത്ത് ഗെയിംസിലും മെഡൽ നേടിയിട്ടുണ്ട്. ഇന്ത്യയിൽ കായിക രംഗത്തെ പരമോന്നത ബഹുമതിയായ രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരവും അർജുന അവാർഡും ലഭിച്ചിട്ടുണ്ട്.