India

‘മിഷൻ ഓക്സിജൻ’ പദ്ധതിയിലേക്ക് ഒരു കോടി രൂപ സംഭാവന നൽകി സച്ചിൻ

‘മിഷൻ ഓക്സിജൻ’പദ്ധതിയിലേക്ക് ഒരു കോടി രൂപ സംഭാവന നൽകി മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കർ. രാജ്യത്തെ ആശുപത്രികളിൽ ഓക്സിജൻ സൗകര്യം ഒരുക്കുന്നതിനായി ഒരു കോടി രൂപ സംഭാവന നൽകുകയാണെന്ന് അദ്ദേഹം അറിയിച്ചു. പൗരന്മാരോട് ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് സംഭാവന നൽകിയ വിവരം അദ്ദേഹം അറിയിച്ചത്.

‘കൊവിഡ് രണ്ടാം തരംഗം രാജ്യത്തിൻ്റെ ആരോഗ്യമേഖലയ്ക്ക് വലിയ സമ്മർദ്ദം ഉണ്ടാക്കിയിരിക്കുകയാണ്. കൊവിഡ് രോഗികൾക്ക് ആവശ്യമായ ഓക്സിജൻ എത്തിക്കുന്ന എന്നതാണ് ഇപ്പോഴത്തെ ധർമ്മം. പൊതുജനങ്ങൾ ആവശ്യത്തിനൊത്ത് ഉയരുന്നത് ഹൃദയഹാരിയാണ്. 25 പേരടങ്ങുന്ന യുവ വ്യവസായികൾ രാജ്യത്തെ ആശുപത്രികളിൽ ഓക്സിജൻ സൗകര്യം ഒരുക്കാനായി മിഷൻ ഓക്സിജൻ എന്ന സംരംഭത്തിനു തുടക്കമിട്ടിരിക്കുന്നു. അവരുടെ ശ്രമം രാജ്യത്തെ വിവിധ ആശുപത്രികളിൽ എത്താനായി ഞാൻ ഒരു സംഭാവന കൊണ്ട് അവരെ സഹായിച്ചു. ഞാൻ കളിച്ചുകൊണ്ടിരുന്നപ്പോൾ നിങ്ങളുടെ പിന്തുണ വിലമതിക്കാനാവാത്തതായിരുന്നു. അത് എന്നെ വിജയി ആവാൻ സഹായിച്ചു. കൊവിഡിനെതിരെ പോരാടുന്ന എല്ലാവർക്കും പിന്നിൽ ഇന്ന് നമ്മൾ അണിനിരക്കേണ്ടതുണ്ട്.’- സച്ചിൻ കുറിച്ചു.