ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസിന് തിരിച്ചടി നേരിട്ടതിനു പിന്നാലെ പാര്‍ട്ടിയ്ക്കുള്ളിലെ തമ്മിലടി പുറത്ത്. മകന്‍ വൈഭവ് ഗഹ്ലോട്ടിന്റെ പരാജയത്തിന് കാരണം പി.സി.സി അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റാണെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആരോപിച്ചു. പരാജയത്തിന്റെ ഉത്തരവാദിത്തം സച്ചിൻ പൈലറ്റ് ഏറ്റെടുക്കണമെന്നും ഗഹ്ലോട്ട് ആവശ്യപ്പെട്ടു.
നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം രൂക്ഷമായതാണ് രാജസ്ഥാന്‍ കോണ്‍ഗ്രസിലെ അഭിപ്രായ ഭിന്നത. മുഖ്യമന്ത്രി പദത്തിനായി അശോക് ഗഹ്ലോട്ടും സച്ചിന്‍ പൈലറ്റും ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആറു മാസത്തിന് ശേഷം വന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്. ഇതോടെ പരസ്പരം പഴിചാരുകയാണ് നേതാക്കള്‍.
ദേശീയ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളിലായിരുന്നു ഗെഹ്ലോട്ടിന്റെ പരാമര്‍ശം. ജോദ്പൂരില്‍ വലിയ ജയം ഉണ്ടാകുമെന്ന് സച്ചിന്‍ പൈലറ്റ് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു എന്നതിനാല്‍ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കണം. മുഖ്യമന്ത്രിയ്ക്കാണോ പി.സി.സി അധ്യക്ഷനാണോ ഉത്തരവാദിത്തമെന്ന് ചോദിച്ചാല്‍ കൂട്ടുത്തരവാദിത്തമാണെന്ന് മറുപടി നല്‍കുമെന്നും ഗെഹ്ലോട്ട് കൂട്ടിച്ചേര്‍ത്തു.
അതേസമയം പ്രസ്താവനയില്‍ പ്രതികരിക്കാന്‍ സച്ചിന്‍ പൈലറ്റ് തയ്യാറായില്ല. ജോദ്പൂരില്‍ 2.7 ലക്ഷം വോട്ടോടെയാണ് ബി.ജെ.പിയുടെ ഗജേന്ദ്ര ഷെഖാവത്ത്, വൈഭവിനെ പരാജയപ്പെടുത്തിയത്. ഗെഹ്ലോട്ട് മകന്റെ പ്രചാരണത്തില്‍ മാത്രമാണ് ശ്രദ്ധിച്ചതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരത്തെ വിമര്‍ശിച്ചിരുന്നു.