India

ശബരിമല വരുമാനത്തില്‍ വന്‍ കുറവ്

ശബരിമലയിലെ വരുമാനത്തില്‍ വന്‍ കുറവ്. സീസണില്‍ ഇതുവരെ 73 കോടി രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. മകരവിളക്ക് സീസണ്‍ ആരംഭിച്ച് ആദ്യ, ആറ് ദിവസത്തെ കണക്കുകളില്‍ മാത്രം ഒന്‍പത് കോടി രൂപയുടെ കുറവുണ്ട്. അപ്പം, അരവണ വില്‍പനയിലാണ് വലിയ ഇടിവുണ്ടായത്.

മണ്ഡലം നാല്‍പത്തി ഒന്നുവരെയുള്ള കണക്കുകള്‍ ദേവസ്വം ബോര്‍ഡ് പുറത്തു വിട്ടപ്പോള്‍ 64 കോടി രൂപയുടെ കുറവാണുണ്ടായത്. ഇത് മകരവിളക്ക് സീസണില്‍ നികത്തപ്പെടുമെന്നായിരുന്നു ബോര്‍ഡിന്റെ പ്രതീക്ഷ. എന്നാല്‍, ആദ്യ ആറു ദിവസത്തെ കണക്കുകള്‍ ഇങ്ങനെയാണ്. ആകെ ലഭിച്ചത്, 20.49 കോടി. കഴിഞ്ഞ വര്‍ഷമിത്, 29.64 കോടി രൂപയായിരുന്നു. മകരവിളക്ക് സീസണിലെ ആറാം ദിവസം മാത്രം, ഒന്നര കോടിയോളം രൂപയുടെ കുറവുണ്ട്. ആകെ ലഭിച്ചത്. 4.43 കോടി രൂപ. കഴിഞ്ഞവര്‍ഷമിത് 5.80 കോടിയായിരുന്നു.

കഴിഞ്ഞ ആറുദിവസങ്ങളില്‍ അരവണ വില്‍പനയില്‍ 79 ലക്ഷം രൂപയുടെ കുറവുണ്ട്. അപ്പം വില്‍പനയില്‍ ലഭിച്ചത്, 96 ലക്ഷം. കഴിഞ്ഞ വര്‍ഷമിത്, 1.58 കോടി രൂപയായിരുന്നു. കാണിയ്ക്കയിലും ഒന്നര കോടി രൂപയുടെ കുറവുണ്ട്. ആടിയ ശിഷ്ടം നെയ് വില്‍പനയില്‍ മാത്രമാണ് നേരിയ വര്‍ധനയുള്ളത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ രണ്ട് ലക്ഷം രൂപയുടെ വര്‍ധനവുണ്ടായി. മകരവിളക്ക് സീസണ്‍ ആരംഭിച്ച് ഏഴുദിവസം പിന്നിടുന്പോഴും തീര്‍ത്ഥാടകരുടെ എണ്ണത്തില്‍, കാര്യമായ വര്‍ധനവില്ല. സീസണില്‍ ഒരു ലക്ഷത്തിന് മുകളില്‍ തീര്‍ത്ഥാടകര്‍ എത്തിയത് മണ്ഡലകാലത്തിന്റെ അവസാന അഞ്ച് ദിവസങ്ങളില്‍ മാത്രമാണ്.