കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍. ഗതാഗത സെക്രട്ടറി തമിഴ്നാട്ടിലെ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടപ്പോഴാണ് മറുപടി ലഭിച്ചത്.
തമിഴ്നാട് സർക്കാർ കോവിഡ് നിയന്ത്രണങ്ങൾ കർക്കശമാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. 72 മണിക്കൂറിനകം എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റും ഇ- പാസും യാത്രക്കാരുടെ കൈവശം ഉണ്ടാകണമെന്നും ഇല്ലാത്ത യാത്രക്കാരെ അതിർത്തിയിൽ തടയുമെന്നുമായിരുന്നു അറിയിപ്പ്.
കേരളത്തിൽ ഉൾപ്പെടെ കോവിഡ് രോഗികളുടെ എണ്ണം കുറയാത്ത സാഹചര്യത്തിലാണ് തമിഴ്നാട് നിയന്ത്രണങ്ങൾ കടുപ്പിക്കാന്‍ തീരുമാനിച്ചത്. വാളയാർ ഉൾപ്പെടെ ഉള്ള ചെക്ക്പോസ്റ്റുകളിൽ നാളെ മുതൽ പരിശോധന തുടങ്ങുമെന്നും കോയമ്പത്തൂർ ജില്ലാ കലക്ടർ പാലക്കാട് ജില്ലാ കലക്ടർക്ക് കത്തയക്കുകയുണ്ടായി.
കേരളത്തിൽ നിന്നുള്ള യാത്രക്കാര്‍ക്ക് ഇളവ് വേണമെന്ന് പാലക്കാട് ജില്ലാ കലക്ടർ കോയമ്പത്തൂർ കലക്ടറോട് ആവശ്യപ്പെട്ടു. പിന്നാലെയാണ് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ലെന്ന് തമിഴ്നാട് അറിയിച്ചത്. ആന്ധ്ര, കർണാടക, പുതുച്ചേരി സംസ്ഥാനങ്ങളിൽ നിന്നും തമിഴ്നാട്ടിലേക്ക് വരുന്നവർക്കും നിയന്ത്രണങ്ങളില്ല.