മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി നാവികസേനയുടെ കപ്പൽ ‘പേഴസണൽ ടാക്‌സി’ ആയി ഉപയോഗിച്ചിരുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണം നിഷേധിച്ച് നാവികസേന. മെയ് 19-ന് ഡൽഹിയിലെ രാംലീല മൈതാനത്ത് നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണ പ്രസംഗത്തിലാണ് മോദി, യുദ്ധക്കപ്പലായ ഐ.എൻ.എസ് വിരാടിനെ രാജീവ് ഗാന്ധിയും കുടുംബവും സ്വകാര്യ ആവശ്യങ്ങൾക്കു വേണ്ടി ഉപയോഗിച്ചു എന്ന് ആരോപിച്ചത്. ലക്ഷദ്വീപിൽ അവധിക്കാലം ചെലവിട്ട രാജീവ് ഗാന്ധിക്കൊപ്പം അദ്ദേഹത്തിന്റെ ഭാര്യ സോണിയ ഗാന്ധിയുടെ ബന്ധുക്കളും ഉണ്ടായിരുന്നു എന്നും മോദി പ്രസംഗിച്ചു.
1988-ൽ ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച റിപ്പോർട്ട് ഉദ്ധരിച്ച് ട്വിറ്ററിലും മോദി ആരോപണമുന്നയിച്ചിരുന്നു. എന്നാൽ, ഇന്ത്യാ ടുഡേ തന്നെ നടത്തിയ അന്വേഷണത്തിലാണ് മോദിയുടെ ആരോപണങ്ങൾ തെറ്റാണെന്ന് വ്യക്തമാകുന്നത്. രാജീവ് ഗാന്ധിയുടെ ലക്ഷദ്വീപ് യാത്ര വ്യക്തിപരമായിരുന്നില്ലെന്നും ഔദ്യോഗിക യാത്രയായിരുന്നുവെന്നും വിവരാവകാശ രേഖ പറയുന്നു.