കൊറോണ വൈറസ് ഭീതി മൂലം ഞായറാഴ്ച മുതൽ ബംഗളൂരുവിൽ ആരംഭിക്കാനിരുന്ന ആര്.എസ്.എസ് ഉന്നതതല യോഗം റദ്ദാക്കി. മൂന്നു ദിവസത്തെ വാർഷിക യോഗം റദ്ദാക്കിയതായി ആർ.എസ്.എസ് ജനറൽ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി അറിയിച്ചു. അഖില ഭാരതീയ പ്രതിനിധിസഭയുടെ (എ.ബി.പി.എസ്) വാർഷിക യോഗം മാർച്ച് 15 മുതല്‍ 17 വരെ ബംഗളൂരുവിൽ നടക്കേണ്ടതായിരുന്നു. സംഘടനയുടെ ഭാവി പ്രവർത്തനങ്ങളെ കുറിച്ച് തീരുമാനിക്കുന്നതിനായിരുന്നു യോഗം.
കോവിഡ് -19 എന്ന മഹാമാരിയുടെ ഗൗരവം കണക്കിലെടുത്ത് കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശങ്ങളുടെയും ഉപദേശങ്ങളുടെയും വെളിച്ചത്തിൽ ബംഗളൂരുവിൽ നടക്കാനിരുന്ന അഖില ഭാരതീയ പ്രതിനിധി സഭ (എ.ബി.പി.എസ്) യോഗം നിർത്തിവച്ചിരിക്കുകയാണെന്ന് ജോഷി പറഞ്ഞു. പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും ഈ വെല്ലുവിളിയെ വിജയകരമായി നേരിടുന്നതിനും ഭരണകൂടവുമായി സഹകരിക്കണമെന്ന് എല്ലാ ആർ.എസ്.എസ് പ്രവർത്തകരോടും ജോഷി അഭ്യർഥിച്ചു. അയോധ്യയിലെ രാമക്ഷേത്രം നിർമ്മിക്കുന്നതിനുള്ള റോഡ്മാപ്പ് ഉൾപ്പെടെ നിരവധി വിഷയങ്ങൾ ആർ.എസ്.എസ് ചർച്ചചെയ്യേണ്ടതായിരുന്നു. കഴിഞ്ഞ വർഷത്തെ പദ്ധതി നടപ്പാക്കൽ, അനുഭവങ്ങളും നേട്ടങ്ങളും പങ്കുവെക്കല്‍ എന്നിവയും സംഘടന അവലോകനം ചെയ്യേണ്ടതായിരുന്നു. ഈ യോഗത്തിൽ ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി നഡ്ഡയും പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.