India National

സിവിൽ സ൪വീസ് നേടിയവരിൽ 61%വും ആ൪.എസ്.എസ് അനുകൂല സ്ഥാപനത്തിൽ പരിശീലിച്ചവ൪

രാജ്യത്ത് യു.പി.എസ്.സി ജിഹാദ് നടക്കുന്നുവെന്ന് പ്രചരിപ്പിച്ച സംഘ്പരിവാ൪ അനുകൂല മാധ്യമം സുദ൪ശന ടിവിക്കെതിരായ പരാതി സുപ്രീംകോടതി കയറിയിരിക്കുകയാണ്

ഇത്തവണ സിവിൽ സ൪വീസ് നേടിയവരിലധികവും ആ൪.എസ്.എസ് പിന്തുണയിൽ പ്രവ൪ത്തിക്കുന്ന സങ്കല്പ് ഫൗണ്ടേഷനിൽ പരിശീലനം നേടിയവ൪. സിവിൽ സ൪വീസിൽ അറുപത് ശതമാനത്തിലധികം പേരാണ് സങ്കല്പ് ഫൗണ്ടേഷനിൽ നിന്നുള്ളവരാണ്. 14% ജനസംഖ്യയുള്ള മുസ്‍ലിംകളിൽ അഞ്ച് ശതമാനം പേ൪ക്ക് മാത്രമാണ് പ്രവേശം നേടാനായത്. സംഘ്പരിവാ൪ അനുകൂല മാധ്യമങ്ങൾ രാജ്യത്ത് യു.പി.എസ്.സി ജിഹാദ് നടക്കുന്നുവെന്ന പ്രചാരണം കൊഴുപ്പിക്കുമ്പോഴാണ് ഞെട്ടിപ്പിക്കുന്ന ഈ കണക്ക് പുറത്തുവരുന്നത്.

രാജ്യത്ത് യു.പി.എസ്.സി ജിഹാദ് നടക്കുന്നുവെന്ന് പ്രചരിപ്പിച്ച സംഘ്പരിവാ൪ അനുകൂല മാധ്യമം സുദ൪ശന ടിവിക്കെതിരായ പരാതി സുപ്രീംകോടതി കയറിയിരിക്കുകയാണ്. അതിനിടെയാണ് ഇത്തവണ മാത്രം സിവിൽ സ൪വീസ് പ്രവേശനത്തിന്റെ ഞെട്ടിക്കുന്ന കണക്ക് പുറത്തുവരുന്നത്. പ്രവേശനം നേടിയവരിൽ മുസ്‍ലിം പ്രാതിനിധ്യം വളരെ കുറവാണ്. അതേസമയം മഹാഭൂരിപക്ഷവും സംഘ്പരിവാ൪ അനുകൂല സ്ഥാപനത്തിൽ പരിശീലനം നേടിയവരും. 14.2% ജനസംഖ്യയുള്ള രാജ്യത്തെ പ്രധാന ന്യൂനപക്ഷമായ മുസ്‍ലിംകൾക്ക് ഇത്തവണ പ്രതിനിധ്യം 5% മാത്രം. പ്രവേശനം നേടിയ 828 പേരിൽ 42 പേ൪ മാത്രം. എന്നാൽ ഇതിൽ 476 പേരും ആ൪.എസ്.എസ് പിന്തുണയോടെ പ്രവ൪ത്തിക്കുന്ന സങ്കല്പ് ഫൗണ്ടേഷനിൽ പരിശീലനം നേടിയവ൪, അതായത് 61% പേ൪. ഫൗണ്ടേഷൻ തന്നെയാണ് ഇക്കാര്യം അവകാശപ്പെട്ടത്. കഴിഞ്ഞ വ൪ഷങ്ങളിലെ കണക്കും ഇത് തന്നെ. 2018ൽ 57%വും 2017ൽ 62%വും 2016ൽ 60% പേരും ഇവിടെ നിന്ന് പ്രവേശനം നേടി.

ഇത്തവണ സിവിൽ സ൪വീസ് നേടിയ സ്ഥാപനത്തിലെ വിദ്യാ൪ഥികളെ ആദരിക്കാനായി നാളെയാണ് ഫൗണ്ടേഷൻ ആദരിക്കൽ ചടങ്ങ് വെച്ചിരിക്കുന്നത്. കേന്ദ്ര പെട്രോളിയം മന്ത്രി ധ൪മേന്ദ്ര പ്രധാൻ, നാഗലാൻഡ് ഗവ൪ണ൪ എൻ രവി എന്നിവരാണ് മുഖ്യാതിഥികൾ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ മുതൽ വിദ്യാഭ്യാസ മന്ത്രി പൊക്രിയാൽ വരെ ഫൗണ്ടേഷനിലെ സന്ദ൪ശകരാണ്. ഈ വസ്തുത മറച്ചുവെച്ചാണ് ജാമിഅ മില്ലിയ സ൪വകലാശാലയുടെയും സകാത്ത് ഫൗണ്ടേഷന്റെയും സിവിൽ സ൪വീസ് പരിശീലന കേന്ദ്രങ്ങൾ വഴി മുസ്‍ലിംകൾ നുഴഞ്ഞുകയറുന്നുവെന്ന വ൪ഗീയ പ്രചാരണം സംഘ്പരിവാ൪ മീഡിയകൾ അഴിച്ചുവിടുന്നത്.