India National

അഞ്ച് വര്‍ഷം, 58 രാജ്യങ്ങള്‍; പ്രധാനമന്ത്രിയുടെ വിദേശയാത്രക്ക് ചിലവായത് 517.8 കോടി രൂപ !

പ്രധാനമന്ത്രി അവസാന അഞ്ച് വര്‍ഷത്തിനുള്ളില്‍ 58 രാജ്യങ്ങള്‍ സന്ദര്‍ശിച്ചുവെന്നും 517.82 കോടി രൂപ ചിലവഴിച്ചുവെന്നും വിദേശകാര്യ വകുപ്പ്. രാജ്യസഭയിലെ സംശയത്തിന് എഴുതി നല്‍കിയ മറുപടിയിലാണ് വിദേശകാര്യ മന്ത്രി വി.മുരളീധരന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

‘2015 മുതല്‍ 2019 വരെ 58 രാജ്യങ്ങള്‍ സന്ദര്‍ശിച്ചുവെന്നും 517.82 കോടി രൂപ ചിലവഴിച്ചു’ അദ്ദേഹം പറഞ്ഞു.

ഈ സന്ദര്‍ശനങ്ങള്‍ വിദേശ രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തിയെന്നും സാങ്കേതിക, സാമ്പത്തിക, പ്രതിരോധ മേഖലകളിലെല്ലാം ബന്ധം ശക്തിപ്പെടുത്താനായെന്നും മറുപടിയില്‍ പറയുന്നു.

എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം പ്രതിച്ഛായ വര്‍ധിപ്പിക്കാനും സെല്‍ഫിയെടുക്കാനുമായി പൊതുപണം ചിലവഴിക്കുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം. നരേന്ദ്ര മോദി എന്‍.ആര്‍.ഐ പ്രധാനമന്ത്രിയാണെന്ന് നേരത്തെ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.