India National

സര്‍ക്കാര്‍ സ്കൂളില്‍ താമസിച്ച്, തറയില്‍ കിടന്നുറങ്ങി കുമാരസ്വാമി

ഗ്രാമസന്ദര്‍ശന പരിപാടിയുടെ ഭാഗമായി വെറും നിലത്ത് ഷീറ്റ് വിരിച്ച് കിടന്നുറങ്ങുന്ന കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചിത്രം കണ്ടവര്‍ മുഖ്യമന്ത്രിയുടെ ലാളിത്യത്തെ പുകഴ്ത്താനും മറന്നില്ല. എന്നാല്‍ ഈ ലാളിത്യം ചിത്രത്തില്‍ മാത്രമേയുള്ളുവെന്നാണ് പുതിയ കണ്ടെത്തല്‍. ഒരു കോടി രൂപയാണ് ഗ്രാമസന്ദര്‍ശന പരിപാടിയുടെ ഒരു ദിവസത്തെ ചെലവ്. ഗ്രാമ വാസ്തവ്യ പദ്ധതിയുടെ ഭാഗമായി ചണ്ടര്‍കി ഗ്രാമത്തിലാണ് കുമാരസ്വാമി ഒരു ദിവസം ചെലവഴിച്ചത്.

ഗ്രാമത്തിലെത്തിയ കുമാരസ്വാമി ഗ്രാമത്തിലുള്ളവരോട് സംവദിക്കുകയും ചെയ്തു. സര്‍ക്കാര്‍ ബസിലായിരുന്നു കുമാരസ്വാമി ഗ്രാമത്തിലെത്തിയത്. കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയാണെങ്കിലും മുഖ്യമന്ത്രിയുടെ പരിപാടിക്കായി സ്റ്റേജും അനുബന്ധ സംവിധാനങ്ങളും ഒരുക്കുന്നതിനായി 50 ലക്ഷമാണ് ചെലവായത്. ജനങ്ങളുടെ നിവേദനങ്ങളും മറ്റും സ്വീകരിക്കുന്നതിനായി താത്ക്കാലിക ഓഫീസ് തയ്യാറാക്കാനാണ് 25 ലക്ഷം രൂപയായത്.

മുഖ്യമന്ത്രിയുടെയും പരിവാരങ്ങളുടെയും ഭക്ഷണത്തിനായി 25 ലക്ഷവും ചെലവായി. ഗ്രാമപ്രദേശങ്ങളില്‍ താമസിച്ച് ജനങ്ങളുടെ പ്രശ്‌നങ്ങളും പരാതികളും നേരിട്ടറിയുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രി ഗ്രാമവാസ്തവ്യ പരിപാടി നടത്തുന്നത്. നേരത്തേ കുമാരസ്വാമി മുഖ്യമന്ത്രിയായപ്പോള്‍ ആരംഭിച്ച പരിപാടി ഇത്തവണയും തുടരാന്‍ തീരുമാനിക്കുകയായിരുന്നു.

അതേസമയം കുമാരസ്വാമിയുടെ ഗ്രാമ സന്ദര്‍ശന പരിപാടി ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചു. കുമാരസ്വാമിയുടെ പരിപാടിക്ക് ഒരോ ദിവസവും 1.22 കോടി രൂപയാണ് ചെലവിടുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ബി.എസ് യെദ്യൂരപ്പ ആരോപിച്ചു.