ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസിനെ റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കി രാജസ്ഥാന് റോയല്‍സ്. 75 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന മോറിസിനെ 16.25 കോടിക്കാണ് രാജസ്ഥാന് റോയല്‍സ് സ്വന്തമാക്കിയത്. മുംബൈ ഇന്ത്യന്‍സായിരുന്നു മോറിസിനായി ആദ്യ രംഗത്ത് എത്തിയത്. റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരും താരത്തിനായി രംഗത്ത് എത്തിയതോടെ ലേലം മുറുകി. ഒടുവില്‍ വമ്പന്‍ വില കൊടുത്ത് മോറിസിനെ രാജസ്ഥാനാണ് ടീമിലെത്തിച്ചത്.
ദക്ഷിണാഫ്രിക്കയ്ക്കായി 42 ഏകദിനങ്ങള്‍ കളിച്ചിട്ടുണ്ട് 33 കാരനായ ക്രിസ് മോറിസ്. 23 ടി20 കളിലും മോറിസ് ദക്ഷിണാഫ്രിക്കയ്ക്കായി പാഡ് കെട്ടി. പന്ത് കൊണ്ടും ബാറ്റ് കൊണ്ടും ഒരുപോലെ തിളങ്ങാനാവും എന്നതാണ് മോറിസിനെ ശ്രദ്ധേയമാക്കുന്നത്. കഴിഞ്ഞ സീസണുകളില്‍ വിവിധ ടീമുകള്‍ക്കായി മോറിസ് കളിച്ചിട്ടുണ്ട്. ഐപിഎല്‍ ചരിത്രത്തിലെ റെക്കോര്‍ഡ് തുകയാണ് മോറിസിന് ലഭിച്ചത്. ഇതിന് മുമ്പ് ഇന്ത്യന്‍ താരം യുവരാജ് സിങിനായിരുന്നു റെക്കോര്‍ഡ് തുക. 16 കോടിയായിരുന്നു യുവരാജിന് ലഭിച്ചിരുന്നത്. അന്ന് ഇത്രയും തുക കൊടുത്ത് യുവരാജിനെ ടീമിലെത്തിച്ചത് ഡല്‍ഹി കാപ്പിറ്റല്സായിരുന്നു.
നേരത്തെ ആസ്ട്രേലിയന്‍ വെടിക്കെട്ട് ബാറ്റ്സ്മാന് ഗ്ലെന്‍ മാക്സ്വെലിനെ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയിരുന്നു. 14.25 കോടിക്കാണ് മാക്സ്വെലിനെ ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. രണ്ട് കോടിയായിരുന്നു മാക്സ്വെലിന്റെ അടിസ്ഥാന വില. കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സായിരുന്നു മാക്സ്വെലിനായി ആദ്യം രംഗത്ത് എത്തിയത്. തൊട്ടുപിന്നാലെ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരും രംഗത്ത് എത്തി. ആസ്ട്രേലിയന്‍ മുന്‍ നായകന് സ്റ്റീവ് സ്മിത്തിനെ ഡല്‍ഹി കാപിറ്റല്‍സും സ്വന്തമാക്കി. 2.2 കോടിക്കാണ് സ്മിത്ത് ഡല്‍ഹിയിലെത്തുന്നത്.