India

അഹമ്മദാബാദ് ടെസ്റ്റ്; ആദ്യ ദിനം സ്വന്തമാക്കി ഇന്ത്യ

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം കളിയവസാനിക്കുമ്പോള്‍ ഇന്ത്യയ്ക്ക് മേല്‍ക്കെ. ആദ്യ ദിനം കളിയവസാനിക്കുമ്പോള്‍ ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സ് എന്ന നിലയിലാണ്. ഇംഗ്ലണ്ടിന്റെ സ്കോറിനൊപ്പമെത്താൻ ഇന്ത്യയ്ക്ക് ഇനി 13 റണ്‍സ് കൂടി. ഇംഗ്ലണ്ടിനെ വെറും 112 റണ്‍സിന് പുറത്താക്കി ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 57 റണ്‍സുമായി രോഹിത് ശര്‍മയും ഒരു റണ്‍സെടുത്ത് ഉപനായകന്‍ അജിങ്ക്യ രഹാനെയുമാണ് ക്രീസില്‍. ശുഭ്മാന്‍ ഗില്‍(11) ചേതേശ്വര്‍ പുജാര (0) നായകന്‍ വിരാട് കോഹ് ലി(27) എന്നിവരാണ് പുറത്തായത്.

സ്പിന്നമര്‍മാരായ അക്‌സര്‍ പട്ടേലിന്റെയും രവിചന്ദ്ര അശ്വിന്റെയും ബൗളുകള്‍ക്ക് ഉത്തരം കണ്ടെത്താനാവാതെ വന്നതോടെ ഇംഗ്ലണ്ട് 112 റണ്‍സിന് പുറത്താവുകയായിരുന്നു. അക്‌സര്‍ പട്ടേല്‍ ആറു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി രവിചന്ദ്ര അശ്വിന്‍ പൂര്‍ണ പിന്തുണകൊടുത്തു. ഇശാന്ത് ശര്‍മ്മക്കാണ് ഒരു വിക്കറ്റ്.

അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടക്കുന്ന പിങ്ക്‌ബോള്‍ ടെസ്റ്റില്‍ ടോസിന്റെ ഭാഗ്യം ഇംഗ്ലണ്ടിന് ലഭിച്ചെങ്കിലും തുടക്കം മുതല്‍ തകര്‍ച്ച തന്നെയായിരുന്നു. ടീം സ്‌കോര്‍ രണ്ടില്‍ നില്‍ക്കെ ആദ്യ വിക്കറ്റ്. സ്പിന്നര്‍മാര്‍ പന്തെടുത്തതോടെ കളി പൂര്‍ണമായും ഇന്ത്യയുടെ കയ്യിലേക്ക്. കൂട്ടത്തകര്‍ച്ചയ്ക്കിടയിലും ഓപ്പണര്‍ സാക്ക് ക്രാവ്‌ലിയുടെ അര്‍ദ്ധ സെഞ്ച്വറി വേറിട്ട്‌നിന്നു. 84 പന്തില്‍ നിന്ന് പത്ത് ബൗണ്ടറികളുടെ അകമ്പടിയോടെയായിരുന്നു ക്രാവഌയുടെ ഇന്നിങ്‌സ്.

ക്രാവ്‌ലിയെ കൂടാതെ മൂന്ന് പേരാണ് ഇംഗ്ലണ്ട് ബാറ്റിങ് നിരയില്‍ രണ്ടക്കം കടന്നത്. ജോ റൂട്ട്(17) വിക്കറ്റ് കീപ്പര്‍ ബെന്‍ഫോക്(12) ജോഫ്ര ആര്‍ച്ചര്‍(11) എന്നിവരാണ് രണ്ടക്കം കണ്ട ബാറ്റ്‌സ്മാന്മാര്‍. അക്സര്‍ പട്ടേലിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനമാണ് അഹമ്മദാബാദിലേത്.