ദിവസങ്ങളായി തുടരുന്ന മഴയിൽ ഉത്തരാഖണ്ഡിൽ വൻ നാശനഷ്ടങ്ങൾ. കനത്ത മഴയിൽ റാണി പൊഖാരി ഗ്രാമത്തിന് സമീപമുള്ള ഡെറാഡൂൺ-ഋഷികേശ് പാലം തകർന്നു. അപകട സമയത്ത് പാലത്തിലുണ്ടായിരുന്ന നിരവധി വാഹനങ്ങൾ നദിയിൽ ഒലിച്ചുപോയി. ജഖാൻ നദിക്ക് കുറുകെയുള്ള ഹൈവേയിലാണ് ഡെറാഡൂൺ-ഋഷികേശ് പാലം സ്ഥിതി ചെയ്യുന്നത്. അപകടത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
കനത്ത മഴ തുടരുന്നതിനാൽ നദിയൊഴുകുന്നത് പാലത്തിന് മുകളിലൂടെയാണ്. പാലം രണ്ടായതോടെ ഋഷികേശ്-ദേവപ്രയാഗ്, ഋഷികേശ്-തെഹ്‌റി, ഡെറാഡൂൺ-മസ്സൂറി തുടങ്ങിയ പ്രധാന പാതകൾ അടച്ചു. വിവിധയിടങ്ങളിൽ മണ്ണിടിച്ചിലും ഗുരുതരമായ വെള്ളക്കെട്ട് ഭീഷണിയും തുടരുന്നുണ്ട്. ഡെറാഡൂണിലെ മാൽദേവത-സഹസ്രധാര ലിങ്ക് റോഡ് പൂർണമായും നദിയിൽ മുങ്ങി.
മഴ ശാന്തമാകുന്നത് വരെ പരമാവധി യാത്രകൾ ഒഴിവാക്കണമെന്നും അപകട മുന്നറിയിപ്പുള്ള പ്രദേശങ്ങളിൽ ഒരുകാരണവശാലും യാത്ര ചെയ്യരുതെന്നും ഉത്തരാഖണ്ഡ് പോലീസിന്റെ നിർദേശമുണ്ട്. പ്രദേശത്ത് ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാദൗത്യവും പുരോഗമിക്കുകയാണ്. ഓഗസ്റ്റ് 29 വരെ ഉത്തരാഖണ്ഡിൽ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.