ഡല്‍ഹിയില്‍ കലാപം നടന്നത് ഇത്തവണ ബി.ജെ.പി ജയിച്ചു കയറിയ മണ്ഡലങ്ങളില്‍. പാര്‍ട്ടിയുടെ ഡല്‍ഹി ഘടകം അധ്യക്ഷന്‍ മനോജ് തിവാരി പാര്‍ലമെന്റിലേക്ക് ജയിച്ചു കയറിയ വടക്കു കിഴക്കന്‍ ഡല്‍ഹി നിയോജക മണ്ഡലത്തിലാണ് അസംബ്ലിയിലേക്ക് ബി.ജെ.പി ജയിച്ച എട്ടില്‍ ഏഴു സീറ്റും ഉള്‍പ്പെടുന്നത്. ഈ മണ്ഡലമാണ് കലാപത്തിന്റെ പ്രഭവകേന്ദ്രമായത്. ബി.ജെ.പി നേതാവായ കപില്‍ മിശ്രയാണ് കലാപത്തിന് വഴിമരുന്നിട്ടതെന്ന ആരോപണം നിലനില്‍ക്കവെ, ജയിപ്പിച്ചുവിട്ട എം.എല്‍.എമാരും എം.പിയും കലാപം കൊടുമ്പരികൊണ്ട ദിവസങ്ങളില്‍ മണ്ഡലത്തില്‍ നിന്ന് ദുരൂഹമായ രീതിയില്‍ വിട്ടുനിന്നതായും വാര്‍ത്തകളുണ്ട്.
2020ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ എട്ട് സീറ്റുകളിലാണ് ദല്‍ഹിയില്‍ ബി.ജെ.പി ജയിച്ചു കയറിയത്. ഇതില്‍ രോഹിണിയും ബദര്‍പൂരും ഒഴികെയുള്ള മണ്ഡലങ്ങളിലാണ് കലാപം പടര്‍ന്നത്. ദല്‍ഹിയിലെ ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെയല്ല കലാപമെന്ന് അവര്‍ക്കു നിഷേധിക്കാനാവാത്ത വിധമാണ് സംസാരിക്കുന്ന തെളിവുകള്‍. കലാപം നടന്ന ചാന്ദ്ബാഗ്, ഗോകുല്‍പുരി, മൗജ്പൂര്‍, അശോക് നഗര്‍, ജാഫറാബാദ്, ഭജന്‍പുര, വിജയ് ചൗക്ക്, തിലക് നഗര്‍ തുടങ്ങിയ പ്രദേശങ്ങളൊക്കെ ബി.ജെ.പിയുടെ ശക്തി കേന്ദ്രങ്ങള്‍. കാണ്‍രഗസും ആം ആദ്മിയും ബി.ജെ.പിക്കെതിരെ ശക്തമായ ആരോപണങ്ങളുമായി രംഗത്തെത്തിയതോടെ ബി.ജെ.പി പ്രതിരോധത്തിലാവുന്നതാണ് കാണാനുള്ളത്.
ഇരു വിഭാഗം ഇടകലര്‍ന്നു താമസിക്കുന്ന ഈ പ്രദേശങ്ങള്‍ വര്‍ഗീയ കലാപത്തിന് തെരഞ്ഞെടുത്തത് ബോധപൂര്‍വമാണെന്നാണ് ഈ പ്രദേശങ്ങളിലെ ജനസംഖ്യാനുപാതം വ്യക്തമാക്കുന്നത്. ഇരകളാക്കപ്പെട്ട വിഭാഗം 30 ശതമാനത്തില്‍ കൂടുതലുള്ള സീലംപൂര്‍ മണ്ഡലത്തില്‍ കലാപം കാര്യമായ നാശം വിതച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ആംആദ്മിയുടെ രണ്ട് എം.എല്‍.എമാരടക്കം ഈ പ്രദേത്തെ ജനപ്രതിനിധികളില്‍ ഒരാള്‍ പോലും വര്‍ഗീയ കലാപം തടയാനോ ജനങ്ങളെ രക്ഷിക്കാനോ രംഗത്തുണ്ടായിരുന്നില്ല.
അതേസമയം ലക്ഷ്മി നഗറിലെ ബി.ജെ.പി എം.എല്‍.എ അഭയ് ശര്‍മ്മ, തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട മുന്‍ എം.എല്‍.എ കപില്‍ മിശ്ര, എന്നിവര്‍ വര്‍ഗീയ പ്രകോപനം സൃഷ്ടിക്കുന്ന പ്രസംഗങ്ങള്‍ നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഈ പ്രദേശത്തു നിന്നും ജയിച്ചു കയറിയ ബി.ജെ.പി എം.എല്‍.എമാരില്‍ ഒരാള്‍ മാത്രമാണ് കലാപാനന്തരമെങ്കിലും ഇന്നലെ കാലത്ത് മണ്ഡലത്തില്‍ പ്രത്യക്ഷപ്പെട്ടത്. ഇന്റലിജന്‍സ് ബ്യൂറോയില്‍ ഉദ്യോഗസ്ഥനായിരുന്ന അങ്കിത് തിവാരി കൊല്ലപ്പെട്ട ചാന്ദ്ബാഗ് ഉള്‍പ്പെട്ട ഗോണ്ട എം.എല്‍.എ മഹാവറായിരുന്നു ഇത്. ഗുജറാത്ത് കലാപത്തിന്റെ മാതൃകയില്‍ യു.പിയില്‍ നിന്നെത്തിയവരുടെ സഹായത്തോടെ ഈ പ്രദേശത്ത് കലാപം ആസൂത്രണം ചെയ്തു നടപ്പാക്കിയെന്നാണ് ആരോപണമുയരുന്നത്.