പൗരന്മാരുടെ ഭരണഘടന അവകാശങ്ങൾ ഉറപ്പാക്കുന്ന ഒരുപിടി ചരിത്ര വിധികൾ എഴുതിയ ജസ്റ്റിസ് ആർ.എഫ്. നരിമാൻ ഇന്ന് സുപ്രീംകോടതിയുടെ പടിയിറങ്ങുന്നു. ശബരിമല യുവതീ പ്രവേശനത്തിന് അനുകൂലമായ നിലപാടാണ് ആർ.എഫ്. നരിമാൻ സ്വീകരിച്ചത്. പെരുന്നാൾ ഇളവുകളിൽ കേരളത്തെ രൂക്ഷമായി വിമർശിച്ചു. രാഷ്‌ടീയത്തിലെ ക്രിമിനൽവൽക്കരണം അവസാനിപ്പിക്കാൻ വലിയ ശസ്ത്രക്രിയ തന്നെ നടത്തണമെന്ന് ഭരണനേതൃത്വത്തോട് അഭ്യർത്ഥിച്ചുക്കൊണ്ടാണ് നരിമാന്റെ പടിയിറക്കം.
ഭരണഘടനാ വിദഗ്ധൻ ഫാലി എസ്. നരിമാന്റെ മകനായിരുന്നു ആർ എഫ് നരിമാൻ. രാജ്യം കണ്ട എക്കാലത്തെയും മികച്ച അഭിഭാഷകരിൽ ഒരാളായ നാനി പൽക്കിവാലയുടെ ശിഷ്യൻ. 37ആം വയസിൽ സുപ്രിംകോടതിയിലെ മുതിർന്ന അഭിഭാഷകനായി. 2011ൽ യുപിഎ സർക്കാരിന്റെ കാലത്ത് സോളിസിറ്റർ ജനറൽ. സുപ്രിംകോടതി ജഡ്ജി പദവിയിലെത്തിയ നാലാമത്തെ അഭിഭാഷകൻ.
ഭരണഘടനയാണ് വിശുദ്ധ പുസ്തകമെന്ന് സ്വന്തം വിധികളിലൂടെ പൗരന്മാരെ നിരന്തരം ഓർമപ്പെടുത്തുന്ന ന്യായാധിപനായിരുന്നു ആർ എഫ് നരിമാൻ. സ്വകാര്യത മൗലികാവകാശമാണെന്ന് വിധിച്ച ഒൻപതംഗ ബെഞ്ചിൽ നരിമാനുമുണ്ടായിരുന്നു. ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിച്ച് സുപ്രധാന വിധിയെഴുതി. സുപ്രിംകോടതി ഉത്തരവ് നടപ്പാക്കാൻ സർക്കാരിന് ഭരണഘടനാപരമായ ബാധ്യതയുണ്ടെന്ന് പുനഃപരിശോധനാ ഹർജികൾ തള്ളിക്കൊണ്ട് എഴുതിയ ന്യൂനപക്ഷ വിധിയിൽ വെട്ടിത്തുറന്ന് പറഞ്ഞു.
മുത്തലാഖ് ഭരണഘടന വിരുദ്ധമാണെന്ന് വിധിച്ചു. ബാബ്‌റി മസ്ജിദ് തകർത്ത കേസിൽ എൽ.കെ. അഡ്വാനി അടക്കം മുതിർന്ന ബിജെപി നേതാക്കൾ വിചാരണ നേരിടണമെന്ന് ഉത്തരവിട്ടു. വധശിക്ഷ ലഭിച്ച കേസുകളിലെ പുനഃപരിശോധന ഹർജികൾ തുറന്ന കോടതിയിൽ തന്നെ വാദം കേൾക്കണമെന്ന വിധി മനുഷ്യാവകാശങ്ങൾ ഉയർത്തിപിടിക്കുന്നതായി. ഐ.ടി നിയമത്തിലെ 66A വകുപ്പ് റദ്ദാക്കി. ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ ക്രിമിനൽ കേസ് വിവരങ്ങൾ പ്രസിദ്ധീകരിക്കാത്തതിന് എട്ട് രാഷ്‌ടീയ പാർട്ടികൾക്ക് പിഴയിട്ടതാണ് ഒടുവിലത്തെ സുപ്രധാന വിധി.