അബൂദബിയിലെ ഇന്ത്യൻ എംബസി പാസ്പോർട്ട് സേവനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. കോവിഡ് മുൻകരുതലിന്‍റെ ഭാഗമായി കാലവധി അവസാനിച്ചതോ, 2021 ജനുവരി 31 മുമ്പ് കാലാവധി അവസാനിക്കുന്നതോ ആയ പാസ്പോർട്ടുകൾ മാത്രമേ പുതുക്കി നൽകൂ എന്ന് എംബസി അറിയിച്ചു.
സാമൂഹിക അകലം ഉറപ്പാക്കാനും രോഗവ്യാപനം തടയാനുമുള്ള നടപടികളുടെ ഭാഗമായാണ് പാസ്പോർട്ട് സേവനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് എംബസി സർക്കുലറിൽ പറയുന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കാലാവധി അവസാനിച്ചതോ അടുത്ത വർഷം ജനുവരി 31 മുമ്പ് കാലാവധി അവസാനിക്കുന്നതോ ആയ പാസ്പോർട്ടുകൾ മാത്രമേ പുതുക്കി നൽകൂ. ഈ കാലവധിക്കുള്ളിൽ വിസ തീരുന്ന സാഹചര്യത്തിലും പാസ്പോർട്ട് പുതുക്കാൻ അപേക്ഷിക്കാം.
മറ്റ് അടിയന്തര സാഹചര്യങ്ങളിൽ പാസ്പോർട്ട് പുതുക്കണമെങ്കിൽ ആവശ്യം എന്താണെന്ന് വ്യക്തമാക്കി, രേഖകളുടെ കോപ്പി സഹിതം cons.abudhabi@mea.gov.in എന്ന വിലാസത്തിൽ ഇ-മെയിൽ അയക്കണം. പാസ്പോർട്ട് സേവനകേന്ദ്രങ്ങളിൽ കമ്പനി പി.ആർ.ഒ മാർക്ക് ജീവനക്കാരുടെ പാസ്പോർട്ടുകൾ പുതുക്കി നൽകാൻ അപേക്ഷിക്കാം. കോവിഡ് സാഹചര്യത്തിൽ അപേക്ഷകൻ നേരിട്ട് എത്തണമെന്ന നിബന്ധനയിൽ ഇളവുണ്ടാകും.