India National

വ്യക്തിസ്വാതന്ത്ര്യത്തെ മാനിക്കണം; രാഹുലിന്റെ വിദേശയാത്രാ വിവാദത്തിൽ കോൺ​ഗ്രസ് നേതാക്കള്‍

സുപ്രധാനമായ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കേ മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി വിദേശ യാത്രകളിലാണെന്ന നിരന്തര റിപ്പോര്‍ട്ടുകള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാക്കള്‍. ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യത്തിൽ വ്യക്തിസ്വാതന്ത്ര്യത്തിന് വലിയ സ്ഥാനമുണ്ടെന്നും ഒരു വ്യക്തിയുടെ സ്വകാര്യതയെ പൊതുജീവിതവുമായി ഒരിക്കലും ബന്ധിപ്പിക്കരുതെന്നും കോൺഗ്രസ് ദേശീയ സെക്രട്ടറി പ്രണവ് ഝാ പറഞ്ഞു.

ഒക്ടോബർ 21നാണ് മഹാരാഷ്ട്രയിലും ഹരിയാനയിലും നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ വിദേശയാത്രയെ സംബന്ധിച്ച് നിരന്തരമായി ചോദ്യമുന്നയിച്ചതിനെ തുടർന്നാണ് കോൺഗ്രസ് ദേശീയ സെക്രട്ടറി പ്രണവ് ഝാ മാധ്യമപ്രവർത്തകരോട് പൊട്ടിത്തെറിച്ചത്-

ഇന്ത്യൻ ജനാധിപത്യ പാരമ്പര്യത്തിൽ വ്യക്തിസ്വാതന്ത്ര്യത്തിന് വലിയ സ്ഥാനമുണ്ട്. വ്യക്തികളുടെ സ്വകാര്യതയെ പൊതു ജീവിതവുമായി ഒരിക്കലും ബന്ധിപ്പിക്കരുത്. അവ തികച്ചും വ്യത്യസ്തവും മാനിക്കപ്പെടേണ്ടവയുമാണ് . ഇതൊരു തർക്ക വിഷയമാക്കി മാറ്റാൻ കൊണ്ടു പിടിച്ച ശ്രമങ്ങൾ നടത്തുന്ന വ്യക്തികളും ചില നേതാക്കളുടെ വ്യക്തിപരമായ വിദേശ യാത്രകളെ വിവാദ വിഷയമാക്കി മാറ്റാൻ അധികാരങ്ങൾ ദുർവിനിയോഗം ചെയ്യുന്ന സ്ഥാപനങ്ങളും വ്യക്തിസ്വാതന്ത്ര്യത്തെ ബഹുമാനിക്കാനും ഉൾകൊള്ളാനും തയ്യാറാവണം

രണ്ട് സുപ്രധാന സംസ്ഥാനങ്ങൾ വോട്ടിങ് ബൂത്തിലേക്ക് നീങ്ങാനിരിക്കേ രാഹുൽ ഗാന്ധി നടത്തുന്ന വിദേശ യാത്രയെ സംബന്ധിച്ച് ചോദ്യങ്ങളുയർത്തി ബി.ജെ.പിയും കോൺഗ്രസിനെ കടന്നാക്രമിച്ചിരുന്നു. ഇതിനിടെ, ഒരാളുടെ വ്യക്തിഗത കാര്യങ്ങൾ ഒരിക്കലും പൊതുജീവിതവുമായി കൂട്ടിച്ചേർത്ത് വായിക്കരുതെന്ന് കോൺഗ്രസ് വക്താവ് അഭിഷേക് സിങ്‍വി ട്വിറ്ററിൽ കുറിച്ചു.