India

സമരം പിൻവലിച്ച് ഡോക്‌ടേഴ്‌സ്, കേസിലെ സർക്കാർ നിലപാട് നോക്കി ഭാവി തീരുമാനം

നീറ്റ് പി ജി കൗൺസിലിംഗ് വൈകുന്നതിനെതിരായ സമരം പിൻവലിച്ച് ഡൽഹിയിലെ റസിഡന്റ് ഡോക്‌ടേഴ്‌സ്. കേസുകൾ പിൻവലിക്കാമെന്ന് പൊലീസ് ഉറപ്പ് നൽകിയതായി റസിഡന്റ് ഡോക്‌ടേഴ്‌സ് അറിയിച്ചു. ജനുവരി 6 ന് സുപ്രിംകോടതി കേസ് പരിഗണിക്കുന്നവരെ കാത്തിരിക്കും. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് സമരം അവസാനിപ്പിക്കുന്നതെന്ന് ഡോക്ടർമാർ അറിയിച്ചു. സാധാരണക്കാരെ ബുദ്ധിമുട്ടിക്കാൻ ഉദ്ദേശിക്കുന്നില്ല.

40 ദിവസമായി സമരം തുടരുകയായിരുന്നു. സുപ്രിം കോടതി മാർച്ചിനിടെ സംഘർഷമുണ്ടായി. പിന്നാലെ സമരം ശക്തമാക്കുകയായിരുന്നു. ഇന്നലെ ഡൽഹി പൊലീസ് ജോയിന്റ് കമ്മീഷണറുമായി ചർച്ച നടന്നു. പൊലീസ് ക്ഷമ പറയണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടു. കേസുകൾ പിൻവലിക്കാമെന്ന് പൊലീസ് ഉറപ്പ് നൽകി. ഇന്നലെ ആരോഗ്യ മന്ത്രിയുമായി ഫോണിൽ സംസാരിച്ചു. അതിന് പിന്നാലെയാണ് സമരം പിൻവലിക്കാനുള്ള തീരുമാനമായതെന്നും ഡോക്ടർമാർ പറഞ്ഞു.

നവംബർ 27 മുതൽ ഡോക്ടർമാർ സമരത്തിലായിരുന്നു. സുപ്രിം കോടതി കേസിലെ സർക്കാർ നിലപാട് നോക്കി ഭാവി തീരുമാനം എടുക്കുമെന്നും ഡോക്ടർമാരുടെ സംഘടനയായ ഫോർഡ അറിയിച്ചു. അഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിലെ സാമ്പത്തിക സംവരണം ചോദ്യം ചെയ്ത ഹർജികൾ ജനുവരി ആറിനാണ് സുപ്രിം കോടതി പരിഗണിക്കാനിരിക്കുന്നത്.