പട്ടീദാർ നേതാവും ഹാർദ്ദിക് പട്ടേലിന്റെ സഹപ്രവർത്തകയുമായ രേഷ്മ പട്ടേൽ ബി.ജെ.പിയിൽ നിന്നും രാജി വെച്ചു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് മറ്റു പട്ടേൽ പ്രക്ഷോഭകർക്കൊപ്പം ബി.ജെ.പിയിൽ ചേർന്ന, രേഷ്മ പട്ടേൽ രാജി കത്ത്
സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ ജിത്തു വഘാനിക്ക് കെെമാറി.
ബി.ജെ.പിയിൽ നിന്ന് താൻ നേരത്തെ തന്നെ വിട പറഞ്ഞതാണെന്ന് അറിയിച്ച രേഷ്മ പട്ടേൽ, പൊതുതെരഞ്ഞെടുപ്പിൽ സ്വതന്ത്രയായി മത്സരിക്കുമെന്ന് മാധ്യമങ്ങളോട് പറഞ്ഞു. പ്രക്ഷോഭ സമയത്ത് ബി.ജെ.പി നൽകിയ വാഗ്ദാനങ്ങളൊന്നും തന്നെ പാലിച്ചിരുന്നില്ലെന്നും ജനങ്ങളുടെ താൽപ്പര്യത്തിന് എതിരായി പ്രവർത്തിക്കുകയാണ് ചെയ്തതെന്നും അവർ കൂട്ടിച്ചേർത്തു.
പോർബന്തറിൽ നിന്നും ജനവിധി തേടാനാണ് രേഷ്മ പട്ടേൽ തീരുമാച്ചിട്ടുള്ളത്. ഏതെങ്കിലും പാർട്ടിക്കാർ താൽപര്യം പ്രകടിപ്പിച്ചാൽ സ്ഥാനാർഥിയാകുമെന്നും, ഇല്ലായെങ്കിൽ സ്വതന്ത്രയായി മത്സരിക്കുമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
പട്ടേൽ വോട്ടുകൾക്ക് നിർണായക സ്വാധീനമുള്ള പോർബന്തറിൽ രേഷ്മ പട്ടേൽ മത്സരിക്കുന്നത് ബി.ജെ.പി കേന്ദ്രങ്ങൾക്ക് തലവേദനയാകും. അതിനിടെ, തെരഞ്ഞെടുപ്പിൽ മത്സരിക്കാനിരിക്കുന്ന ഹാർദ്ദിക് പട്ടേലിന് പൂർണ്ണ പിന്തുണ നൽകുന്നതായും അവർ അറിയിച്ചു.