India National

കുമ്മനം രാജശേഖരന്റെ റിപ്പബ്ളിക് ദിന പ്രസംഗം ബഹിഷ്കരിച്ച് മിസോറാം ജനത

റിപ്പബ്ളിക് ദിനത്തില്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ ബഹിഷ്കരിച്ച് മിസോറാം ജനത. ഏറെക്കുറെ കാലിയായ സദസിന് മുമ്പിലാണ് കുമ്മനം രാജശേഖരന്‍ തന്റെ റിപ്പബ്ളിക് ദിന പ്രസംഗം നടത്തിയത്. പൗരത്വ ബില്ലിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായായിരുന്നു പൊതുജനങ്ങള്‍ ഗവര്‍ണറുടെ റിപ്പബ്ളിക് ദിന പരിപാടിയില്‍ നിന്ന് മാറിനിന്നത്.

റിപ്പബ്ളിക് ദിന ആഘോഷ പരിപാടികളില്‍ മന്ത്രിമാരും ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും സന്നിഹതരായിരുന്നെങ്കിലും പൊതുജനങ്ങള്‍ ആരുമുണ്ടായിരുന്നില്ല. വിദ്യാര്‍ഥി സംഘടനകളും പൗരാവകാശ സംരക്ഷണ സംഘങ്ങളും ഉള്‍പ്പെട്ട എന്‍.ജി.ഒ കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്തത്. ഇത്തവണ റിപ്പബ്ളിക് ദിന പരേഡില്‍ ആറ് സായുധ സൈനിക വിഭാഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. സാധാരണഗതിയില്‍ 30 ഓളം സായുധ സൈനിക വിഭാഗങ്ങളാണ് പരേഡില്‍ അണിനിരക്കാറുള്ളത്.

ആഘോഷപരിപാടികള്‍ നടന്ന വേദികള്‍ക്ക് പുറത്ത് പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിഷേധക്കാര്‍ തടിച്ചുകൂടിയിരുന്നെങ്കിലും സമാധാനപരമായാണ് ചടങ്ങുകള്‍ നടന്നത്. മറ്റ് ജില്ലാ ആസ്ഥാനങ്ങളില്‍ നടന്ന ആഘോഷ പരിപാടികളിലും ജനങ്ങള്‍ പങ്കെടുത്തില്ല. മിസോറാമിന്റെ പാരമ്പര്യവും മൂല്യങ്ങളും മുറുകെ പിടിക്കാനും സംരക്ഷിക്കാനും സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കുമെന്നും വികസനാധിഷ്ഠിതമായ ക്ഷേമ പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.