അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ സോണിയാ ഗാന്ധി പങ്കെടുക്കാന്‍ തീരുമാനിച്ചത് മകള്‍ പ്രിയങ്കാ ഗാന്ധിയുടെ ഇടപെടലിനെ തുടര്‍ന്നെന്ന് സൂചന. അയോധ്യയിലെ രാമക്ഷേത്രം ബിജെപിയുടെ രാഷ്ട്രീയ നേട്ടമല്ലെന്ന വാദം ഉന്നയിക്കണമെങ്കില്‍ ചടങ്ങില്‍ പങ്കെടുക്കണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ഉത്തര്‍ പ്രദേശ് ഘടകത്തിന്റെ വാദം. ഇതിനെ പ്രിയങ്കാ ഗാന്ധി പിന്തുണയ്ക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഉത്തര്‍പ്രദേശിന്റെ ചുമതല വഹിക്കുന്ന നേതാവെന്ന നിലയില്‍ കൂടിയാണ് ഉത്തര്‍പ്രദേശ് ഘടകത്തിന്റെ വാദത്തിന് പ്രിയങ്ക പിന്തുണ നല്‍കുന്നത്. ഉത്തര്‍പ്രദേശിലെ ഹിന്ദു ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാറുള്ള പ്രിയങ്ക മൃദുഹിന്ദുത്വത്തെ പിന്തുണയ്ക്കുകയാണെന്ന ആക്ഷേപങ്ങള്‍ ശക്തവുമായിരുന്നു. വാരണസിയില്‍ പ്രിയങ്ക പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ കൂടി വരുന്നതിനിടെയാണ് അയോധ്യ രാമക്ഷേത്ര ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പ്രിയങ്കയുടെ ചില ഇടപെടലുകളുടെ വിവരങ്ങള്‍ പുറത്തെത്തുന്നത്.
അതേസമയം രാമക്ഷേത്ര ഉദ്ഘാടനത്തിന് മുന്നോടിയായി അയോധ്യയില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ നടക്കും. പുതിയ വിമാനത്താവളവും റെയില്‍വേ സ്റ്റേഷനും ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് അയോധ്യയില്‍ സുരക്ഷ ശക്തമാക്കി. കനത്ത മൂടല്‍മഞ്ഞിനെ അതിജീവിച്ചാണ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്. രാവിലെ പത്തേമുക്കാലിന് അയോധ്യയില്‍ എത്തുന്ന പ്രധാനമന്ത്രി 11.15ന് പുതുക്കിയ റെയില്‍വേ സ്റ്റേഷനും 12.15ന് പുതിയ വിമാനത്താവളവും ഉദ്ഘാടനം ചെയ്യും.
നഗരത്തില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയാണ് വിമാനത്താവളം. 2 പുതിയ അമൃത് ഭാരത് ട്രെയിനുകളും 6 പുതിയ വന്ദേ ഭാരത് ട്രെയിനുകളും നരേന്ദ്ര മോദി ഫ്‌ലാഗ് ഓഫ് ചെയ്യും. നവീകരിച്ച 4 റോഡുകളും ഉദ്ഘാടനം ചെയ്യും. ജനുവരി 22നാണ് അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ്.