India National

സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം; ടവറുകള്‍ നശിപ്പിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിച്ച് ജിയോ

ചണ്ഡീഗഡ്: പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ ജിയോ ടവറുകള്‍ നശിപ്പിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ അധികാരികളുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഹൈക്കോടതിയെ സമീപിച്ചു.

കര്‍ഷക പ്രതിഷേധത്തില്‍ റിലയന്‍സ് ജിയോയുടെ നിയന്ത്രണത്തിലുള്ള 1,600 ല്‍ അധികം ടെലികോം ടവറുകള്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി നശിപ്പിക്കപ്പെട്ടിരുന്നു. തുടര്‍ന്നാണ് ടവറുകള്‍ നശിപ്പിക്കുന്നത് തടയാന്‍ ഇടപെടല്‍ ആവശ്യപ്പെട്ട് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്.

അക്രമ പ്രവര്‍ത്തനങ്ങള്‍ ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവന്‍ അപകടത്തിലാക്കുകയും രണ്ട് സംസ്ഥാനങ്ങളിലും ആശയവിനിമയ സംവിധാനത്തിന് വലിയ നാശനഷ്ടമുണ്ടാക്കുകയും ചെയ്തുവെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

കേന്ദ്ര കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് ജിയോയ്‌ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. അതേസമയം പ്രതിഷേധത്തില്‍ റിലയന്‍സുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യമല്ലെന്നും കോര്‍പറേറ്റ് ഫാമിങ്ങിലേക്ക് കടക്കാന്‍ ഇപ്പോള്‍ പദ്ധതിയില്ലെന്നും വ്യക്തമാക്കി കമ്പനി രംഗത്തെത്തിയിരുന്നു.

ഒരു കൃഷി ഭൂമിയും വാങ്ങിയിട്ടില്ല. കുറഞ്ഞ വിലയ്ക്ക് ഉത്പന്നങ്ങള്‍ വാങ്ങാന്‍ ആരുമായും ദീര്‍ഘകാല കരാര്‍ ഉണ്ടാക്കിയിട്ടില്ലെന്നും. അത്തരത്തില്‍ വിതരണക്കാരോട് ആവശ്യപ്പെട്ടിട്ടില്ലെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വ്യക്തമാക്കിയിരുന്നു.