ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് മൈതാനമായ അഹമ്മദാബാദ് മൊട്ടേര സ്‌റ്റേഡിയത്തിന് ബുധനാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് നൽകിയത്. സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ പേര് വെട്ടിമാറ്റിയാണ് സ്‌റ്റേഡിയത്തിന് നരേന്ദ്രമോദിയുടെ പേര് നൽകിയത്.
ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നതിന്റെ തൊട്ടുമുമ്പ് തീർത്തും അപ്രതീക്ഷിതമായാണ് സ്റ്റേഡിയത്തിന്റെ പേരുമാറ്റൽ ചടങ്ങ് നടന്നത്. പുതുക്കിപ്പണിത സ്റ്റേഡിയം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കായിക മന്ത്രി കിരൺ റിജ്ജു എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സ്റ്റേഡിയം സമുച്ചയത്തിൽ സർദാൽ വല്ലഭ്ഭായ് പട്ടേൽ സ്‌പോർട് എൻക്ലേവിന് രാഷ്ട്രപതി തറക്കല്ലിടുകയും ചെയ്തു.
1,32,000 കാണികളെ ഉൾക്കൊള്ളുന്ന കൂറ്റൻ നിർമിതിയാണ് മോദി സ്‌റ്റേഡിയം. എന്നാൽ മൂന്നാം ടെസ്റ്റിൽ സാമൂഹിക അകലം പാലിച്ച് 40000-50000 കാണികൾക്കാണ് നിലവിൽ പ്രവേശനമുള്ളത്. ഓസീസിലെ മെൽബൺ സ്‌റ്റേഡിയത്തെ മറികടന്നാണ് മോദി സ്‌റ്റേഡിയം ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് മൈതാനം എന്ന ഖ്യാതി സ്വന്തമാക്കുന്നത്. തൊണ്ണൂറായിരം പേർക്കാണ് എംസിജി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മെൽബൺ ഗ്രൗണ്ടിൽ ഇരിപ്പിടമുള്ളത്.
റിലയൻസിനും അദാനിക്കും ഇടം!
അതിലേറെ കൗതുകകരം, മോദി സ്‌റ്റേഡിയത്തിന്റെ രണ്ട് പവലിയൻ എൻഡുകൾ നിലവിൽ അറിയപ്പെടുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ട് കോർപറേറ്റ് ഭീമന്മാരുടെ പേരിലാണ് എന്നതാണ്. ഒന്ന് റിലയൻസിന്റെയും മറ്റൊന്ന് അദാനിയുടെയും.
കേന്ദ്രസർക്കാർ ഈയിടെ പാസാക്കിയ വിവാദ കാർഷിക നിയമങ്ങളുടെ ഗുണഭോക്താക്കൾ അദാനിയും റിലയൻസുമാണ് എന്ന ആക്ഷേപങ്ങൾക്കിടെയാണ് രണ്ടു കമ്പനികൾക്കും മോദി സ്‌റ്റേഡിയത്തിൽ പവലിയനുകൾ ഉണ്ടാകുന്നത്.മോദിയും വൻകിട കമ്പനികളും തമ്മിലുള്ള ബന്ധത്തിന്റെ തെളിവായി സാമൂഹിക മാധ്യമങ്ങൾ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നു.
2,38,714 ചതുരശ്ര മീറ്ററിലെ അത്ഭുതം
63 ഏക്കറിൽ പടർന്നു കിടക്കുന്ന സ്റ്റേഡിയം ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനാണ് പണി കഴിപ്പിച്ചത്. 2,38,714 ചതുരശ്ര മീറ്ററിലാണ് മൈതാനം പടർന്നു കിടക്കുന്നത്. പതിനൊന്ന് പിച്ചുകൾ സജ്ജമാക്കിയിട്ടുണ്ട്. മഴയവസാനിച്ച് മുപ്പത് മിനിറ്റിനകം കളി പുനരാംഭിക്കാൻ സ്റ്റേഡിയത്തിൽ സംവിധാനമുണ്ട്.
ഫ്‌ളഡ്‌ലിറ്റിനായി എൽഇഡി ലൈറ്റുകളാണ് ഉപയോഗിച്ചിട്ടുള്ളത്. സ്‌റ്റേഡിയത്തിലേക്ക് നിഴൽ പതിക്കാതെ വെളിച്ചം വരുന്ന രീതിയിലാണ് ക്രമീകരണം. ഇന്ത്യയിലെ ഒരു സ്‌റ്റേഡിയത്തിൽ ആദ്യമായാണ് ഇത്തരത്തിൽ വെളിച്ചം ക്രമീകരിക്കുന്നത്.
നിർദിഷ്ട സ്‌പോർട്‌സ് എൻക്ലേവിൽ അമ്പനായിരം സീറ്റുള്ള അതലറ്റിക്-ഫുട്‌ബോൾ സ്‌റ്റേഡിയം, 12000 സീറ്റുള്ള ഇൻഡോർ സ്‌റ്റേഡിയം, 120000 ചതുരശ്ര അടിയുള്ള ഇൻഡോർ അക്വാറ്റിക് സെന്റർ, 15000 പേർക്ക് ഇരിക്കാവുന്ന ഹോക്കി സ്‌റ്റേഡിയം, 3000 അപ്പാർട്ട്‌മെന്റുകളുള്ള അതലറ്റിക് വില്ലേജ് എന്നിവയും വിഭാവനം ചെയ്തിട്ടുണ്ട്. കേന്ദ്രസർക്കാർ, ഗുജറാത്ത് സർക്കാർ, അഹമ്മദാബാദ് അർബൺ ഡവലപ്‌മെന്റ് അതോറിറ്റി എന്നിവർ സംയുക്തമായി സഹകരിച്ചാണ് നിർമാണം.