India National

കശ്മീർ മുൻ മുഖ്യമന്ത്രിമാരെ എപ്പോൾ മോചിപ്പിക്കും? നിലപാട് വ്യക്തമാക്കി അമിത് ഷാ

കശ്മീരിന്റെ പ്രത്യേകാവകാശങ്ങൾ എടുത്തുകളഞ്ഞതിനെ തുടർന്ന് തടവിലാക്കിയ മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, ഉമർ അബ്ദുല്ല, മെഹ്ബൂബ മുഫ്തി എന്നിവരെ വിട്ടയക്കാനുള്ള തീരുമാനം കൈക്കൊള്ളേണ്ടത് താനോ തന്റെ മന്ത്രാലയമോ അല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മു കശ്മീർ കേന്ദ്രഭരണ ഭരണകൂടമാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും ഈ നേതാക്കന്മാർ ദേശവിരുദ്ധരാണെന്ന് അഭിപ്രായമില്ലെന്നും ഷാ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

‘370-ാം വകുപ്പിന്മേൽ തൊട്ടാൽ രാജ്യം മുഴുവൻ കത്തുമെന്നതടക്കം അവർ നടത്തിയ പ്രസ്താവനകൾ കാണുക. ഈ പ്രസ്താവനകളുടെ പശ്ചാത്തലത്തിൽ കുറച്ചുകാലത്തേക്ക് അവരെ തടവിൽ വെക്കാനുള്ള പ്രൊഫണഷൽ തീരുമാനം കൈക്കൊള്ളുകയാണുണ്ടായത്.’ – ഷാ പറഞ്ഞു.

കശ്മീരിന്റെ പ്രത്യേകാധികാരങ്ങൾ എടുത്തുകളയുകയും സംസ്ഥാനത്തെ ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്ത 2019 ആഗസ്റ്റ് അഞ്ച് മുതൽ മൂന്ന് മുൻമുഖ്യമന്ത്രിമാരും തടവിലാണ്. 82 വയസ്സുകാരനായ ഫാറൂഖ് അബ്ദുല്ലയെ ശ്രീനഗറിലെ ഗുപ്കർ റോഡിലുള്ള അദ്ദേഹത്തിന്റെ വസതിയിലാണ് പൊതുസുരക്ഷാ നിയമപ്രകാരം തടവിലാക്കിയിരിക്കുന്നത്. ഈ വീട് പിന്നീട് സബ് ജയിലാക്കി പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ മകൻ ഉമർ അബ്ദുല്ലയെ ഹരി നിവാസ് എന്ന അദ്ദേഹത്തിന്റെ വസതിയിലാണ് പാർപ്പിച്ചിരിക്കുന്നത്. ജമ്മു കശ്മീരിലെ അവസാന മന്ത്രിസഭയിലെ മുഖ്യമന്ത്രിയായിരുന്ന മെഹ്ബൂബ മുഫ്തി ചെഷ്മ ഷാഹിയിലെ വസതിയിലാണ് തടവിലാക്കിയിരുന്നത്. പിന്നീട് ഇവരെ സർക്കാർ കെട്ടിടത്തിലേക്കു മാറ്റി.

ഫാറൂഖ് അബ്ദുല്ല, ഉമർ അബ്ദുല്ല എന്നിവരുടെ നാഷണൽ കോൺഫറൻസും മെഹ്ബൂബ മുഫ്തിയുടെ പി.ഡി.പിയും മുമ്പ് ബി.ജെ.പിയുടെ സഖ്യകക്ഷികളായിരുന്നുവെന്നും ഇവരെ ബി.ജെ.പി നേതാക്കൾ ദേശദ്രോഹികളെന്ന് മുദ്രകുത്തുന്നുവെന്നുമുള്ള ചോദ്യത്തിന്, താനോ തന്റെ പാർട്ടിയിലെ നേതാക്കളോ അങ്ങനെ പറഞ്ഞിട്ടില്ലെന്നായിരുന്നു അമിത് ഷായുടെ മറുപടി. കശ്മീരിലെ ജനജീവിതം ഇപ്പോൾ സാധാരണ നിലയിലാണെന്നും ഒരിഞ്ച് സ്ഥലത്തുപോലും കർഫ്യൂ ഇല്ലെന്നും ഷാ കൂട്ടിച്ചേർത്തു.