ഹരിയാനയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനായുള്ള തിരക്കിട്ട നീക്കങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍. ജെ.ജെ.പിയുടെ പിന്തുണയില്ലാതെ സ്വതന്ത്ര എം.എല്‍.എമാരുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി . ഹരിയാന ലോകിത് പാര്‍ട്ടി എം.എല്‍.എ ഗോപാല്‍ കണ്ഡയും സ്വതന്ത്ര എം.എല്‍.എ ആയ രഞ്ജിത് ചൌട്ടാലയും അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. എന്നാല്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമം അവസാനിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.
ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്താന്‍ സമയം തേടിയിരിക്കുന്ന മനോഹര്‍ ലാല്‍ ഖട്ടാര്‍ . ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ ഉന്നയിക്കാനുള്ള അവകാശവാദം ഉന്നയിക്കും. ജെജെപിക്ക് പത്ത് എംഎല്‍എമാരുണ്ടെങ്കിലും സ്വതന്ത്രരെ ഒപ്പം നിര്‍ത്തി സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമമാണ് ബി.ജെ.പിയുടേത്. ഇതിന്റെ ഭാഗമായി ലോകിത് പാര്‍ട്ടി എം.എല്‍.എ ഗോപാല്‍ കണ്ഡയേയും രജ്ഞിത് ചൌട്ടാലയേയും ഡല്‍ഹിയില്‍ എത്തിച്ച് അമിത് ഷായുമായി കൂടിക്കാഴ്ച നടത്താന്‍ ഹരിയാന ബി.ജെ.പി നേതാക്കള്‍ അവസരം ഒരുക്കി. ഹരിയാനയിലെ മുന്‍മന്ത്രിയായ ഗോപാല്‍ കണ്ഡ അദ്ദേഹത്തിന്റെ എയര്‍ലൈനിലെ വനിത ജീവനക്കാരിയുടെ ആത്മഹത്യയുമായി ബന്ധപ്പട്ട് ആരോപണവിധേയനായ ആളാണ്.
തെരഞ്ഞെടുപ്പില്‍ ആകെ 7 സ്വതന്ത്രരാണ് ഉള്ളത്. 90 അംഗ നിയമസഭയില്‍ ഭൂരിപക്ഷത്തിനായി 46 എംഎല്‍എമാരുടെ പിന്തുണയാണ് ആവശ്യം. അതേസമയം സര്‍ക്കാര്‍ രൂപികരിക്കാനുള്ള ശ്രമങ്ങളില്‍ നിന്ന് പിന്നോക്കം പോയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. ജെ.ജെ.പിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപികരിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. ഒപ്പം സ്വതന്ത്രരില്‍ ചിലര്‍ ഭൂപിന്ദര്‍ ഹൂഡയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരുമാണ് അതിനാല്‍ ആ പ്രതീക്ഷയും കോണ്‍ഗ്രസ് വച്ച് പുലര്‍ത്തുന്നുണ്ട്.