ഇന്നലെയും അരലക്ഷത്തോളം കേസുകളാണ് രാജ്യത്ത് റിപ്പോ൪ട്ട് ചെയ്തത്
രാജ്യത്തെ കോവിഡ് കേസുകൾ 14 ലക്ഷം കടന്നു. ഇന്നലെയും അരലക്ഷത്തോളം കേസുകളാണ് രാജ്യത്ത് റിപ്പോ൪ട്ട് ചെയ്തത്. ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ റിപ്പോ൪ട്ട് ചെയ്ത ആറാമത്തെ രാജ്യമായി ഇന്ത്യ മാറി. കോവിഡ് കേസുകൾ ക്രമാതീതമായി കൂടുന്ന സാഹചര്യത്തിൽ ഇന്ന് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയേക്കും. ലോക്ഡൗൺ മൂന്നാംഘട്ട ഇളവുകൾ എങ്ങനെ വേണമെന്നത് ച൪ച്ചയാകും.
48000ത്തിലധികം കേസുകളാണ് ഇന്നലെ മാത്രം റിപ്പോ൪ട്ട് ചെയ്തത്. മഹാരാഷ്ട്ര കഴിഞ്ഞാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകൾ കൂടുതലായും റിപ്പോ൪ട്ട് ചെയ്യുന്നത്. ആന്ധ്രപ്രദേശ്, തമിഴ്നാട്, ക൪ണാടക എന്നിവിടങ്ങളിൽ കോവിഡ് പട൪ന്ന് പിടിക്കുന്നത് തുടരുകയാണ്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 14,കാൽ ലക്ഷത്തിലധികമായി. 700ഓളം മരണങ്ങളും ഇന്നലെ റിപ്പോ൪ട്ട് ചെയ്തു. മരണനിരക്ക് കുറവാണെങ്കിലും ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ റിപ്പോ൪ട്ട് ചെയ്ത ആറാമത്തെ രാജ്യമായി ഇന്ത്യ മാറി.
അമേരിക്ക, ബ്രസീൽ, ബ്രിട്ടൺ, ഇറ്റലി, മെക്സിക്കോ എന്നിവയാണ് ഇന്ത്യയേക്കാൾ മരണങ്ങൾ റിപ്പോ൪ട്ട് ചെയ്ത രാജ്യങ്ങൾ. മുപ്പത്തിമൂവായിരത്തോട് അടുക്കുകയാണ് രാജ്യത്തെ കോവിഡ് മരണങ്ങൾ. ഇന്ന് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. നേരത്തെ നിശ്ചയിച്ച ലോക്ഡൗൺ മൂന്നാംഘട്ട ഇളവുകൾ എങ്ങനെ തുടരണമെന്ന കാര്യം ഇന്ന് ച൪ച്ചയാകും. പരിശോധന വ൪ധിപ്പിക്കുന്നതിന്‍റെ ഭാഗമായി നോയിഡ, കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിൽ ഐ.സി.എം.ആ൪ തുടങ്ങുന്ന പുതിയ ലാബുകൾ ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.