Entertainment India

മിഡ്‌റേഞ്ച് 5ജി ഫോണുമായി റിയൽമിയും; എക്‌സ് 7, എക്‌സ് 7 പ്രോ ഇന്ത്യയിലെത്തി

വൺപ്ലസിന്റെ നോർഡ് 5ജി, ഓപ്പോയുടെ റെനോ 5 5ജി എന്നീ ഫോണുകൾക്ക് വെല്ലുവിളി ഉയർത്താനുദ്ദേശിച്ചാണ് റിയൽമി എക്‌സ് 7 പ്രോയെ കളത്തിലിറക്കുന്നത്.

120 ഹെർട്‌സ് സൂപ്പർ അമോലെഡ് ഫുൾ സ്‌ക്രീൻ, 65 വാട്ട് സൂപ്പർഡാർട്ട് ചാർജ്, സോണിയുടെ 64 മെഗാപിക്‌സൽ ക്വാഡ് ക്യാമറ, 32 മെഗാപിക്‌സൽ സെൽഫി ക്യാമറ, ഡൈമെൻസിറ്റി 1000+ പ്രോസസ്സർ, ഇരട്ട 5 ജി സിം സ്ലോട്ടുകൾ, 184 ഗ്രാം മാത്രം ഭാരം, ഡുവൽ സ്റ്റീരിയോ സ്പീക്കർ എന്നിങ്ങനെയാണ് ഫോണിന്റെ പ്രധാന സ്‌പെക്‌സ്. 4500 എംഎഎച്ച് ബാറ്ററി 100 ശതമാനം ചാർജാകാൻ വെറും 35 മിനുട്ടേ എടുക്കൂ എന്ന് കമ്പനി അവകാശപ്പെടുന്നു. ഫാന്റസി, മിസ്റ്റിക് ബ്ലാക്ക് എന്നിങ്ങനെ രണ്ട് കളർ വേരിയന്റുകളിലാണ് ഫോണെത്തുന്നത്. 8 ജിബി റാം – 128 ജിബി റോം കപ്പാസിറ്റിയുള്ള ഫോണിന് 29,999 രൂപയാണ് വില. ഈ മാസം പത്തിന് ഫ്‌ളിപ്കാർട്ടിലൂടെയാണ് വിൽപന ആരംഭിക്കുക.

ഡൈമെൻസിറ്റി 800യു 5 ജി പ്രോസസ്സർ, 6.4 ഇഞ്ച് സൂപ്പർ അമോലെഡ് ഫുൾ സ്‌ക്രീൻ, 64 മെഗാപിക്‌സൽ എ.ഐ ട്രിപ്പിൾ ക്യാമറ, 4310 എംഎഎച്ച് ബാറ്ററി, 50 വാട്ട് സൂപ്പർഡാർട്ട് ചാർജിങ് എന്നിവയാണ് എക്‌സ് 7 ഫോണിന്റെ പ്രധാന സവിശേഷതകൾ. 176 ഗ്രാം മാത്രം ഭാരവും 8.1 മില്ലിമീറ്റർ ഘനവുമാണ് ഫോണിനുള്ളത്. സ്‌പേസ് സിൽവർ, നെബുല എന്നിങ്ങനെ രണ്ട് കളർ വേരിയന്റുകളാണ് ഫോണിനുള്ളത്. 6 ജിബി റാം – 128 റോമിന് 19,999 രൂപയും 8 ജിബി റാം – 128 റോമിന് 21,999 രൂപയുമാണ് വില. ഫെബ്രുവരി 12-ന് ഫ്‌ളിപ്കാർട്ടിലൂടെ വിൽപ്പനയാരംഭിക്കും.