റിസര്‍വ് ബാങ്ക് പുതിയ വായ്പ നയം പ്രഖ്യാപിച്ചു. റിപ്പോ 0.35 ശതമാനം കുറച്ച് 5.40 ശതമാനമാക്കി. തുടര്‍ച്ചയായ നാലാം തവണയാണ് റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറക്കുന്നത്. ആഭ്യന്തര വളര്‍ച്ച നിരക്ക് കൈവരിക്കേണ്ട ലക്ഷ്യം ഏഴ് ശതമാനത്തില്‍ നിന്ന് 6.9 ആക്കി കുറച്ചു
റിസര്‍വ് ബാങ്ക് മോണിറ്ററി പോളിസി കമ്മിറ്റി ഏകകണ്ഠമായാണ് റിപ്പോ നിരക്കില്‍ കുറവ് വരുത്താനുള്ള തീരുമാനം കൈക്കൊണ്ടത്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആയിരിക്കുന്ന സാഹചര്യത്തില്‍ സമ്പദ് രംഗത്തിന് ഊര്‍ജ്ജം നല്‍കുകയാണ് ലക്ഷ്യം. വാഹനവിപണിയില്‍ അടക്കം വലിയ രീതിയില്‍ മാന്ദ്യം വന്നതോടെ വിമര്‍ശനങ്ങളുമായി പ്രമുഖ വ്യവസായികള്‍ അടക്കം രംഗത്ത് വന്നിരുന്നു.
0.35 കുറച്ച് റിപ്പോ 5.40 ശതമാനമാക്കാനാണ് പുതിയ തീരുമാനം. റിവേഴ്സ് റിപ്പോയും 5.15 ശതമാനമാക്കി കുറച്ചു. റിപ്പോ നിരക്ക് കുറഞ്ഞതോടെ ഭവന വാഹന വായ്പകളുടെ പലിശയിലും കുറവ് വന്നേക്കും. ഇതോടൊപ്പം തന്നെ ആഭ്യന്തര വളര്‍ച്ച നിരക്ക് കൈവരിക്കേണ്ട ലക്ഷ്യത്തിനും കുറവ് വരുത്താന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത് ദാസ് അധ്യക്ഷനായ മോണിറ്ററി പോളിസി കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. നേരത്തെ ജി.ഡി.പി 7 ശതമാനം വളരുമെന്നായിരുന്നു കണക്ക് കൂട്ടല്‍ എങ്കിലും 6.9 ശതമാനമായി പുനര്‍നിശ്ചയിച്ചിട്ടുണ്ട്.