റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 6 ശതമാനത്തില്‍ നിന്ന് കാല്‍ശതമാനം കുറച്ച് 5.75 ശതമാനമാക്കി. ആറ് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് റിപ്പോ നിരക്കില്‍ കുറവ് വരുത്തുന്നത്. ആഭ്യന്തര വളര്‍ച്ച നിരക്ക് 5.8 ശതമാനത്തിലേക്ക് ഇടിഞ്ഞതിന് പിന്നാലെയാണ് നിരക്കുകളില്‍ റിസര്‍വ് ബാങ്ക് കുറവ് വരുത്തുന്നത്.
റിസര്‍വ് ബാങ്ക് മോണിറ്ററി പോളിസി കമ്മിറ്റി ഒറ്റക്കെട്ടായാണ് റിപ്പോ നിരക്കില്‍ കുറവ് വരുത്താനുള്ള തീരുമാനം കൈക്കൊണ്ടത്. ആറ് ശതമാനത്തില്‍ നിന്ന് കാല്‍ശതമാനം കുറവാണ് വരുത്തിയിരിക്കുന്നത്. റിവേഴ്സ് റിപ്പോയും 5.50 ശതമാനമായി കുറവ് വരുത്തിയിട്ടുണ്ട്. ഇതോടെ ഭവന വാഹന വായ്പ നിരക്കുകളില്‍ കുറവ് വന്നേക്കും. മോണിറ്ററി പോളിസിയില്‍ തന്നെ അയവു വരുത്താനും റിസര്‍വ് ബാങ്ക് തീരുമാനിച്ചിട്ടുണ്ട്. ഒപ്പം ആഭ്യന്തര വളര്‍ച്ചാ നിരക്കില്‍ കൈവരിക്കേണ്ട ലക്ഷ്യത്തില്‍ വീണ്ടും കുറവ് വരുത്താനും റിസര്‍വ് ബാങ്ക് തീരുമാനിച്ചു. മുന്‍പ് 7.4 ല്‍ നിന്ന് 7.2 ശതമാനമാക്കിയ ലക്ഷ്യം 7 ശതമാനമായാണ് പുതിയ പ്രഖ്യാപനത്തില്‍ കുറച്ചിരിക്കുന്നത്.
ആഭ്യന്തര വളര്‍ച്ച നിരക്ക് 5.8 ശതമാനത്തിലേക്ക് ഇടിഞ്ഞുവെന്ന റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്ത് വിട്ടതിന് പിന്നാലെയാണ് വായ്പനയത്തില്‍ റിപ്പോ നിരക്ക് കുറക്കാനുള്ള റിസര്‍വ് ബാങ്കിന്‍റെ നീക്കം. ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന എ.ടി.എം ചാര്‍ജുകള്‍ സംബന്ധിച്ച് പഠനം നടത്താന്‍ സമിതിയെ നിയോഗിച്ചതായും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ വ്യക്തമാക്കി. നെഫ്റ്റ് ഇടപാടുകളിലെ ചാര്‍ജുകള്‍ കുറക്കാന്‍ ബാങ്കുകളോട് റിസര്‍വ് ബാങ്ക് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്