India National

മോദിയെ ശിവസേനയില്‍ നിന്ന് അകറ്റാന്‍ അമിത് ഷാ ശ്രമിക്കുന്നു – സഞ്ജയ് റാവത്ത്

മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി സ്ഥാനം ബി.ജെ.പിക്കും ശിവസേനക്കുമിടയിൽ 50:50 ആയി വീതംവെക്കാൻ തീരുമാനിച്ചിരുന്നില്ലെന്നും ദേവേന്ദ്ര ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയാക്കാനായിരുന്നു തീരുമാനമെന്നുമുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അവകാശവാദത്തിന് മറുപടിയുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ഹൃദയശസ്ത്രക്രിയക്ക് വിധേയനായ റാവത്ത് ആശുപത്രി വിട്ടശേഷമാണ് ബി.ജെ.പി അധ്യക്ഷനു നേരെ ആഞ്ഞടിച്ചത്. ശിവസേനാ തലവൻ ഉദ്ധവ് താക്കറെയുമായി അടച്ചിട്ട മുറിയിൽ നടത്തിയ ചർച്ചയിൽ ഉണ്ടാക്കിയ വ്യവസ്ഥകൾ അമിത് ഷാ പാലിക്കണമെന്നും ചർച്ചയുടെ വിശദാംശങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിക്കണമായിരുന്നുവെന്നും റാവത്ത് പറഞ്ഞു.

എല്ലാ തെരഞ്ഞെടുപ്പ് റാലികളിലും മുഖ്യമന്ത്രിയായി ഫഡ്‌നാവിസിന്റെ പേരാണ് പരാമർശിക്കപ്പെട്ടിരുന്നത് എന്ന അമിത് ഷായുടെ വാദത്തിന് റാവത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു: ‘എല്ലാ സദസ്സിലും ഉദ്ധവ്ജി പറഞ്ഞിരുന്നത് മഹാരാഷ്ട്രക്ക് ശിവസേന മുഖ്യമന്ത്രി ഉണ്ടാകുമെന്നായിരുന്നു. സഖ്യം രൂപീകരിക്കപ്പെട്ടപ്പോഴും അധികാരപങ്കാളിത്തം 50:50 ആയിരിക്കുമെന്ന് ഉദ്ധവ്ജി പറഞ്ഞു. ആ സമയത്ത് എന്തുകൊണ്ടാണ് അമിത് ഷാ ഒന്നും മിണ്ടാതിരുന്നത്? അവർ ഒന്നും മിണ്ടാതിരിക്കുകയും തെരഞ്ഞെടുപ്പ് കഴിയുകയും ചെയ്തു. അടിസ്ഥാന മാന്യത ഞങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്.’

‘ശിവസേന ഒരിക്കലും രാഷ്ട്രീയ കച്ചവടം നടത്തിയിട്ടില്ല. വാഗ്ദാനങ്ങൾ പാലിക്കപ്പെടുന്നില്ലെങ്കിൽ അടച്ചിട്ട മുറിയിലെ സംസാരങ്ങളും പുറത്തുവരും. ഇത് സംസ്ഥാനത്തിന്റെ അഭിമാനത്തിന്റെ കാര്യമാണ്. അമിത് ഭായും ഉദ്ധവ്ജിയും തമ്മിൽ സംഭാഷണം നടന്നത് ബാലാസാഹെബിന്റെ (ബാൽ താക്കറെ) മുറിയിൽവെച്ചാണ്. ആ മുറി ഞങ്ങളെ സംബന്ധിച്ചിടത്തോളം ക്ഷേത്രതുല്യമാണ്. അധികാരം തുല്യമായി പങ്കിടാമെന്ന് പറഞ്ഞിട്ടില്ലെന്നാണ് അമിത് ഷാ ഇപ്പോൾ പറയുന്നതെങ്കിൽ അത് ബാലാസാഹെബിനെ അപമാനിക്കലാണ്. ശിവസേന കള്ളം പറയില്ല.’ – റാവത്ത് പറഞ്ഞു.

ഒക്ടോബർ 24-ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു ശേഷം ശിവസേനയുടെ നിലപാടുകൾ പ്രഖ്യാപിക്കുന്നത് ഉദ്ധവ് താക്കറെയുടെ വിശ്വസ്തനായ സഞ്ജയ് റാവത്താണ്. അദ്ദേഹം എക്‌സിക്യൂട്ടീവ് എഡിറ്ററായ ശിവസേന മുഖപത്രം സാമ്‌ന ബി.ജെ.പിക്കെതിരെ ശക്തമായ ആക്രമണമാണ് നടത്തുന്നത്. 57-കാരനായ റാവത്ത് തിങ്കളാഴ്ച ഹൃദയശസ്ത്രക്രിയക്ക് വിധേയനായിരുന്നു.