India National

പൗരത്വ നിയമം നടപ്പാക്കാന്‍ അമിത് ഷായെ വെല്ലുവിളിച്ച് പ്രശാന്ത് കിഷോര്‍

പൗരത്വ നിയമം നടപ്പാക്കുന്ന വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വെല്ലുവിളിച്ച് ജെ.ഡി.യു ദേശീയ ഉപാധ്യക്ഷന്‍ പ്രശാന്ത് കിഷോര്‍. പ്രതിഷേധം നിങ്ങള്‍ കാര്യമാക്കുന്നില്ലെങ്കില്‍ എന്തുകൊണ്ടാണ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ മടിക്കുന്നതെന്ന് പ്രശാന്ത് കിഷോര്‍ ചോദിച്ചു.

സര്‍ക്കാരിനെതിരെ ജനങ്ങള്‍ പ്രതിഷേധിക്കുന്നതും വിമത സ്വരം ഉയര്‍ത്തുന്നതും നല്ല അടയാളമല്ലെന്നും സര്‍ക്കാരിന്റെ ശക്തിയുടെ സൂചനയല്ലെന്നും പ്രശാന്ത് കിഷോര്‍ ട്വിറ്ററില്‍ കുറിച്ചു. അമിത് ഷാ, നിങ്ങള്‍ പ്രതിഷേധങ്ങള്‍ കാര്യമാക്കുന്നില്ലെങ്കില്‍ എന്തുകൊണ്ടാണ് പൗരത്വ നിയമവും എന്‍.ആര്‍.സിയും നടപ്പാക്കാന്‍ വൈകുന്നത്. നിയമം നടപ്പാക്കുമെന്ന് പറയുന്നത് രാജ്യത്തോട് ധിക്കാരപരമായി നടത്തിയ പ്രഖ്യാപനമാണെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.

പ്രതിഷേധിക്കുന്നവരെ കാര്യമാക്കുന്നില്ലെന്നും എന്തുവന്നാലും നിയമം നടപ്പാക്കുമെന്നും അമിത് ഷാ കഴിഞ്ഞ ദിവസം ലഖ്‌നൗവില്‍ ബി.ജെ.പി നടത്തിയ സി.എ.എ അനുകൂല റാലിയില്‍ പ്രഖ്യാപിച്ചിരുന്നു. പൗരത്വ നിയമത്തിനെതിരെ വനിതകളുടെ വന്‍ പ്രതിഷേധം ലഖ്‌നൗവില്‍ നടക്കവെയാണ് പിന്നോട്ടില്ലെന്നു അമിത് ഷാ പറഞ്ഞത്. ഇതിനെതിരെ പ്രശാന്ത് കിഷോറിന്റെ രൂക്ഷ വിമര്‍ശനം.

പൗരത്വ ബില്ലിനെ പാര്‍ലമെന്റില്‍ അനുകൂലിച്ച പാര്‍ട്ടിയാണ് ജെ.ഡി.യു. എന്നാല്‍ പാര്‍ട്ടിയിലെ പ്രമുഖരായ പ്രശാന്ത് കിഷോര്‍, പവന്‍ വര്‍മ തുടങ്ങിയവര്‍ കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തി.

ദൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി ചേർന്ന് മത്സരിക്കാനുള്ള ജെ.ഡി.യുവിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് മുതിർന്ന ജെ.ഡി.യു നേതാവായ പവൻ കെ.വർമ പാർട്ടി നേതാവും ബീഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന് കത്തെഴുതി. കത്ത് അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുമുണ്ട്. സി.എ.എ, എൻ.പി.ആർ, എൻ.ആർ.സി എന്നിവയ്‌ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ നടക്കുമ്പോൾ ഡൽഹി തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കാൻ ജെ.ഡി.യുവിന് എങ്ങനെ സാധിക്കുമെന്ന് വ്യക്തമാക്കാൻ ആവശ്യപ്പെട്ടുകൊണ്ടാണ് തന്റെ കത്തെന്നും അദ്ദേഹം ട്വീറ്റിൽ വ്യക്തമാക്കുന്നു.

ബി.ജെ.പിയെയും ആർ.എസ്.എസിനെയും കുറിച്ച് ഒന്നിലധികം തവണ ആശങ്ക പ്രകടിപ്പിക്കുകയും മഹാസഖ്യത്തിന്റെ കാലത്ത് ആർ.എസ്.എസ് മുക്ത ഭാരതത്തിനായി ആഹ്വാനം ചെയ്യുകയും ചെയ്തിട്ടുള്ള ആളാണ് നിതീഷ് കുമാറെന്നും അകാലിദൾ അടക്കമുള്ള ജെ.ഡി.യുവിന്റെ സഖ്യകക്ഷികൾ ബി.ജെ.പിയുമായി സഖ്യത്തിലേർപ്പെടാൻ തയ്യാറാകാത്ത സാഹചര്യത്തിൽ ബീഹാറിനു പുറത്തേക്ക് ബി.ജെ.പിയുമായുള്ള സഖ്യം വ്യാപിപ്പിക്കുന്നതിന്റെ യുക്തി മനസിലാകുന്നില്ലെന്നും അദ്ദേഹം കത്തിൽ എഴുതിയിട്ടുണ്ട്.