കോവിഡിന്റെ മൂന്നാം തരംഗം കൂട്ടികളേയും ഗ്രാമീണ മേഖലയേയുമാണ് കൂടുതൽ ബാധിക്കുകയെന്ന റിപ്പോർട്ടുകളിൽ കേന്ദ്രത്തോട് വിവരങ്ങൾ തേടി സുപ്രീം കോടതി. വിഷയത്തിൽ എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോയെന്നും സുപ്രീംകോടതി ചോദിച്ചു. കോവിഡ് വാക്സിൻ നയത്തിലും കേന്ദ്ര സർക്കാറിനോട് സുപ്രീംകോടതി കടുത്ത ചോദ്യങ്ങളാണ് ഉന്നയിച്ചത്. വാക്സിൻ ക്ഷാമത്തിനു പുറമെ, പല തരത്തിലാണ് വില ഈടാക്കുന്നത്. വാക്സിൻ കിട്ടാൻ സംസ്ഥാനങ്ങൾ മത്സരിക്കട്ടെ എന്ന മട്ടിൽ കേന്ദ്രം മാറിനിൽക്കുന്നു. ഇന്റർനെറ്റില്ലാത്ത ഗ്രാമീണരും ‘കോവിൻ’ പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ട അവസ്ഥ. ഇതിന്റെയൊക്കെ യുക്തി എന്താണെന്നും കോടതി ചോദിച്ചു. രണ്ടാഴ്ചക്കകം മറുപടി സത്യവാങ്മൂലം നൽകാനും നിർദേശിച്ചു.
വാക്സിൻ ക്ഷാമം രൂക്ഷമായതിനെ തുടർന്ന് സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എൽ.എൻ. റാവു, എസ്. രവീന്ദ്ര ഭട്ട് എന്നിവർ ഉൾപ്പെട്ട ബെഞ്ച്. ഈ വർഷാവസാനത്തോടെ ഇന്ത്യയിൽ എല്ലാവർക്കും വാക്സിൻ നൽകാമെന്നാണ് കരുതുന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ, യുക്തിരഹിതമായ നയങ്ങൾക്കിടയിൽ ഇത് എങ്ങനെ സാധ്യമാവുമെന്ന സംശയമാണ് കോടതി പ്രകടിപ്പിച്ചത്. നയപരമായ കാര്യങ്ങൾ പരിശോധിക്കാൻ കോടതിക്ക് പരിമിത അധികാരം മാത്രമേയുള്ളൂവെന്ന് വാദിച്ച സോളിസിറ്റർ ജനറൽ തുഷാർ മേത്തയെ ജസ്റ്റിസ് ചന്ദ്രചൂഡ് ശക്തമായി നേരിട്ടു. രാജ്യത്ത് എന്തു നടക്കുന്നുവെന്ന് സർക്കാർ അറിയണം. സർക്കാർ നയത്തിന്റെ യുക്തി മനസ്സിലാകാൻ ഫയലുകൾ കോടതിക്ക് കാണണം. ഈ രീതിയിൽ വിഷയത്തെ കോടതി സമീപിക്കുന്നത് വാക്സിൻ വിതരണ നടപടി തടസ്സപ്പെടുത്തുമെന്ന സർക്കാർ അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചില്ല.