India National

‘രാംലല്ല വിഗ്രഹത്തിന്റെ ചിത്രം ചോർന്നത് അന്വേഷിക്കണം’; അയോധ്യയിലെ മുഖ്യ പൂജാരി

അയോധ്യയിൽ ഈ മാസം 22 ന് പ്രാണപ്രതിഷ്ഠ നടത്തുന്ന രാംലല്ല വിഗ്രഹത്തിന്റെ പൂർണ ചിത്രം പുറത്തുവന്നതിനെതിരെ അയോധ്യയിലെ മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്ര ദാസ്. കഴിഞ്ഞ ദിവസമാണ് അയോധ്യയിലെ രാംലല്ല വിഗ്രഹത്തിന്റെ ചിത്രം പുറത്തുവിട്ടത്. എന്നാൽ പ്രാണപ്രതിഷ്ഠയ്ക്ക് മുന്നേ വി​ഗ്രഹത്തിന്റെ ചിത്രങ്ങൾ ചോർന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആചാര്യ സത്യേന്ദ്ര ദാസ് ആവശ്യപ്പെട്ടു.

പ്രാണപ്രതിഷ്ഠ പൂർത്തിയാകുന്നതിന് മുമ്പ് ശ്രീരാമന്റെ വിഗ്രഹത്തിന്റെ കണ്ണുകൾ വെളിപ്പെടുത്താനാകില്ല. ശ്രീരാമന്റെ കണ്ണുകൾ കാണുന്ന വിഗ്രഹം യഥാർത്ഥ വിഗ്രഹമല്ല. കണ്ണുകൾ കാണുന്ന ചിത്രം പ്രചരിക്കുന്നുണ്ടെങ്കിൽ ആരാണ് അത് വെളിപ്പെടുത്തിയതെന്ന് അന്വേഷിക്കണം എന്ന് അദ്ദേ​ഹം വാർത്ത ഏജൻസിയാ എഎൻഐയോട് പ്രതികരിച്ചു.

രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠയ്ക്ക് മുന്നേ രാംലല്ലയുടെ ഫോട്ടോ ചോർന്നതിനെത്തുടർന്ന് അധികൃതർക്കിടയിൽ ആശങ്കയുണ്ട്. രാംലല്ലയുടെ ചിത്രം ചോർന്നതിന് കുറ്റക്കാർക്കെതിരെ നടപടിയെടുക്കുന്ന കാര്യം ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ആലോചിച്ചുവരികയാണ്. സോഷ്യൽ മീഡിയയിൽ വൈറലായ രാംലല്ലയുടെ ചിത്രം ക്ഷേത്ര സ്ഥലത്ത് നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരാണ് പുറത്തുവിട്ടതെന്നാണ് ട്രസ്റ്റ് സംശയിക്കുന്നത്.

രാംലല്ല വിഗ്രഹത്തിനെ തുണികൊണ്ട് മറച്ചിരുന്ന ചിത്രം വെള്ളിയാഴ്ച സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ കണ്ണുകൾ തുറന്ന രാംലല്ലയുടെ ചിത്രങ്ങളും പുറത്തുവന്നിരന്നു. ഗർഭഗൃഹത്തിൽ വി​ഗ്രഹം സ്ഥാപിക്കുന്നതിന് മുൻപ് പകർത്തിയ ചിത്രമാണ് പുറത്തുവന്നത്. ർണ വില്ലും ശരവും പിടിച്ചുനിൽക്കുന്ന ഭാവത്തിലാണ് ശ്രീരാമ വിഗ്രഹം.

വിഗ്രഹത്തിന്റെ കണ്ണുകൾ തുണി കൊണ്ടു മൂടിയ ശേഷമാണ് ഗർഭഗൃഹത്തിൽ സ്ഥാപിച്ചത്. പ്രതിഷ്ഠാ ദിനത്തിൽ പൂജകൾക്ക് ശേഷം കെട്ടഴിക്കും. മൈസൂരുവിലെ ശിൽപി അരുൺ യോഗിരാജ് നിർമിച്ച 51 ഇഞ്ച് ഉയരമുള്ള വിഗ്രഹം കൃഷ്ണശിലയിലാണ് നിർമിച്ചിരിക്കുന്നത്. ജനുവരി 23 ന് രാമക്ഷേത്രം പൊതുജനങ്ങൾക്കായി തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.