India

കോവിഡിനിടെ അയോധ്യയിൽ ഭൂമി പൂജ വേണ്ട: രാജ് താക്കറെ

സ്ഥിതി​ഗതികൾ ശാന്തമായ ശേഷം പിന്നീട് നടത്താമെന്നാണ് രാജ് താക്കറെയുടെ അഭിപ്രായം.

കോവിഡ് മഹാമാരിക്കിടെ അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനുള്ള ഭൂമി പൂജ ആവശ്യമില്ലെന്ന് മഹാരാഷ്ട്ര നവ നിർമാൺ സേന നേതാവ് രാജ് താക്കറെ. സ്ഥിതി​ഗതികൾ ശാന്തമായ ശേഷം പിന്നീട് നടത്താമെന്നാണ് രാജ് താക്കറെയുടെ അഭിപ്രായം. അയോധ്യയിൽ ആ​ഗസ്ത് 5നാണ് ഭൂമി പൂജ.

മഹാരാഷ്ട്ര മുഖ്യമന്ത്രി മുന്നോട്ടുവച്ച ഇ- ഭൂമിപൂജൻ എന്ന ആശയത്തെയും രാജ് താക്കറെ തള്ളിക്കളഞ്ഞു. ജനങ്ങൾ മറ്റൊരു മാനസികാവസ്ഥയിലാണ് ഇപ്പോൾ. രണ്ട് മാസമൊക്കെ കഴിഞ്ഞ് നടത്തിയാൽ അവർക്കും പങ്കെടുക്കാനാവുമെന്നും രാജ് താക്കറെ പറഞ്ഞു.

എന്നാൽ ആ​ഗസ്ത് 5ന് തന്നെ ഭൂമി പൂജ നടത്തുമെന്നാണ് ക്ഷേത്രം ട്രസ്റ്റ് അറിയിച്ചത്. അതിനിടെ ഭൂമിപൂജയിൽ പങ്കെടുക്കേണ്ട പൂജാരിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മുഖ്യപൂജാരിയുടെ സഹായിയായ പ്രദീപ് ദാസിനാണ് കോവിഡ് സ്ഥിരീകരിച്ചത്. മുഖ്യപൂജാരി സത്യേന്ദ്ര ദാസ് ഉൾപ്പെടെ നാല് പൂജാരിമാരുടെ കോവിഡ് ഫലം നെ​ഗറ്റീവാണ്. രാംജന്മഭൂമി കോംപ്ലക്സിൽ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന 16 പൊലീസുകാർക്കും കോവിഡ് പോസിറ്റീവായി. കഴിഞ്ഞ ആഴ്ച യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് ഇവിടെയെത്തി ഭൂമിപൂജയുടെ ഒരുക്കങ്ങൾ വിലയിരുത്തിയിരുന്നു. ഈ സമയത്ത് പ്രദീപ് ദാസ് അദ്ദേഹത്തിന് സമീപമുണ്ടായിരുന്നുവെന്ന് ഫോട്ടോകളിൽ നിന്നും വീഡിയോകളിൽ നിന്നും വ്യക്തമാണ്. എന്നാൽ സുരക്ഷ ഉറപ്പാക്കി ഭൂമിപൂജ നടത്തുമെന്നാണ് ക്ഷേത്രം ട്രസ്റ്റ് അറിയിച്ചത്.

ബന്ധു കൂടിയായ ഉദ്ധവ് താക്കറെയുടെ മുഖ്യമന്ത്രി എന്ന നിലയിലെ പ്രവർത്തനത്തെ കുറിച്ച് ചോദിച്ചപ്പോൾ ‘ടെലിവിഷനിൽ മാത്രം’ എന്നായിരുന്നു രാജ് താക്കറെയുടെ മറുപടി. കോവിഡ് സംബന്ധമായ പേടിയിൽ നിന്ന് പുറത്തുവരാൻ ജനങ്ങളെ സർക്കാർ സഹായിക്കേണ്ടതുണ്ട്. നിയന്ത്രണങ്ങളും വാർത്തകളും സന്ദേശങ്ങളുമെല്ലാം അവരെ ഭയചകിതരാക്കുകയാണെന്നും രാജ് താക്കറെ പ്രതികരിച്ചു.