ഇന്ത്യൻ എന്‍ജിനീയർമാരാണ് രാമസേതു നിർമ്മിച്ചതെന്നും ലോകത്തിലെ ഏറ്റവും പഴയ ഭാഷ സംസ്‌കൃതമാണെന്നും കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്ക്. രാമസേതു, സംസ്കൃതം എന്നിവയിൽ ഗവേഷണം നടത്താൻ എന്‍ജിനീയർമാരോട് മന്ത്രി ആവശ്യപ്പെട്ടു.
സാങ്കേതിക രംഗത്ത് ഈ രാജ്യം എത്രത്തോളം പുരോഗമിച്ചുവെന്ന കാര്യത്തില്‍ ആർക്കെങ്കിലും ഭിന്നാഭിപ്രായങ്ങളുണ്ടോ? ഈ രാജ്യത്തെ എന്‍ജിനീയർമാരുടെ നിലവാരം എന്തായിരുന്നു? രാമസേതുവിനെക്കുറിച്ച് പറയുകയാണെങ്കില്‍, ഇത് നിര്‍മിച്ചത് അമേരിക്ക, ബ്രിട്ടൻ, ജർമ്മനി എന്നിവിടങ്ങളിൽ നിന്നുള്ള എന്‍ജിനീയർമാരാണോ? ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ രാമസേതു നിര്‍മ്മിച്ചത് നമ്മുടെ എന്‍ജിനീയർമാരാണ്.” രമേഷ് പറഞ്ഞു.
ഖൊരഗ്പൂര്‍ ഐ.ഐ.ടിയുടെ 65-ാമത് വാർഷിക സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി. പ്രസംഗത്തിനൊടുവില്‍ രാമസേതുവിനെക്കുറിച്ചുള്ള തന്റെ പരാമർശം ശരിയാണോ അല്ലയോ എന്നും മന്ത്രി സദസ്സിനോട് ചോദിച്ചു. പ്രസംഗത്തിനുശേഷം നടന്ന പത്രസമ്മേളനത്തില്‍ ഈ പരാമർശത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ “താന്‍ ഉദ്ദേശിച്ചത് രാമസേതുവിനെക്കുറിച്ച് പുതിയ ഗവേഷണത്തിന് ആഹ്വാനം ചെയ്യുക എന്നതായിരുന്നുവെന്ന്” അദ്ദേഹം പറഞ്ഞു.