അയോധ്യയിൽ പ്രതിഷ്‌ഠിക്കുന്ന രാംലല്ല വിഗ്രഹത്തിന്റെ ചിത്രങ്ങൾ പുറത്ത്. ശ്രീരാമന്റെ ബാല രൂപത്തിലുള്ള വിഗ്രഹമാണ് രാംലല്ല. പ്രതിഷ്ഠാ ചടങ്ങുകൾക്ക് മുന്നോടിയായി ക്ഷേത്രത്തിലെ ഗർഭഗൃഹത്തിൽ വിഗ്രഹം സ്ഥാപിച്ചുകഴിഞ്ഞു.
വിഗ്രഹത്തിന്റെ ആദ്യ ഫോട്ടോ കേന്ദ്ര മന്ത്രി ശോഭ കരന്ദ്‌ലാജെയാണ് പങ്കുവച്ചത്.നാലര അടി ഉയരത്തിലാണ് രാംലല്ലയുടെ വിഗ്രഹം നിർമ്മിച്ചിട്ടുള്ളത്. ഒറ്റ ശിലയിലാണ് ഈ വിഗ്രഹം നിർമ്മിച്ചിട്ടുള്ളതെന്നതാണ് ഏറ്റവും വലിയ മറ്റൊരു പ്രത്യേകത. വിഗ്രഹത്തിന് ചുറ്റുമായിട്ടുള്ള പ്രഭാവലയത്തിൽ മഹാവിഷ്ണുവിന്റെ 10 അവതാരങ്ങളും കൊത്തിയെടുത്തിട്ടുണ്ട്.
മൈസൂരു സ്വദേശിയായ അരുൺ യോഗിരാജ് എന്ന ശിൽപ്പി കൊത്തിയെടുത്ത 51 ഇഞ്ച് വലുപ്പമുള്ള ശ്രീരാമന്റെ ബാലരൂപമായ രാംലല്ലയെയാണ് വിശ്വാസികൾക്ക് ദർശിക്കാനാവുക.
ഇതുവരെയും വിഗ്രഹത്തിന്റെ ശിൽപ്പങ്ങളൊന്നും പുറത്ത് വന്നിരുന്നില്ല. രാംലല്ലയുടെ മുഖം തുണി കൊണ്ടുമറച്ച ആദ്യ ചിത്രം പുറത്തുവന്നിരിക്കുകയാണ്.വ്യാഴാഴ്ച ഉച്ചയോടെ ശ്രീകോവിലിൽ രാമലല്ല വിഗ്രഹം സ്ഥാപിച്ചതായി പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട പുരോഹിതൻ അരുൺ ദീക്ഷിത് പറഞ്ഞു.ട്രസ്റ്റ് അംഗമായ അനിൽ മിശ്രയാണ് പ്രധാൻ സങ്കൽപം നടത്തിയതെന്ന് അരുൺ ദീക്ഷിത് പറഞ്ഞു. എല്ലാവരുടെയും ക്ഷേമത്തിനും, രാജ്യത്തിന്റെ ക്ഷേമത്തിനും, മനുഷ്യരാശിയുടെ ക്ഷേമത്തിനും, കൂടാതെ ഈ പ്രവർത്തനത്തിന് സംഭാവന നൽകിയവർക്കും വേണ്ടി ശ്രീരാമന്റെ ‘പ്രതിഷ്ഠ’ നടത്തുന്നു എന്നതാണ് ‘പ്രധാന സങ്കൽപ്പ’ത്തിന് പിന്നിലെ ആശയം.