India National

ബാബരി ഭൂമിത്തര്‍ക്ക കേസില്‍ വാദം കേൾക്കല്‍ ഇന്ന് അവസാനിച്ചേക്കും; സുപ്രീം കോടതി വാദം കേട്ടത് തുടര്‍ച്ചയായ 40 ദിവസം

ബാബരി മസ്ജിദ് ഭൂമിത്തര്‍ക്കകേസിലെ അപ്പീലുകളില്‍ അന്തിമവാദം കേള്‍ക്കല്‍ സുപ്രീം കോടതി ഇന്ന് പൂര്‍ത്തീകരിച്ചേക്കും. ഭൂമി മൂന്നായി ഭാഗിച്ചുള്ള അലഹബാദ് ഹൈകോടതി വിധിക്കെതിരായ കേസിലെ മുഴുവന്‍ കക്ഷികള്‍ക്കും വാദം സമര്‍പ്പിക്കാന്‍ കോടതി ഇന്ന് സമയം അനുവദിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്.

ബാബരി മസ്ജിദ് ഭൂമിത്തര്‍ക്ക കേസില്‍ വാദം കേള്‍ക്കാന്‍ ഇന്നത്തേതടക്കം തുടര്‍ച്ചയായി നാല്പത് ദിവസമാണ് സുപ്രീംകോടതി വിനിയോഗിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഇന്നത്തോടെ വാദം കേള്‍ക്കല്‍ അവസാനിപ്പിക്കും. കേസിലെ മുഴുവന്‍ കക്ഷികള്‍ക്കും 45 മിനുട്ട് വീതമാണ് തങ്ങളുടെ വാദം പൂര്‍ത്തീകരിക്കാന്‍ അനുവദിച്ചിരിക്കുന്നത്. ഇന്നലെ വാദം പൂര്‍ത്തീകരിക്കാനാകാത്തതിനാല്‍ കേസില്‍ കക്ഷിയായ രാംലല്ലക്ക് വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന്‍ സി എസ് വൈദ്യനാഥന് ഇന്ന് പ്രത്യേകം 45 മിനുട്ട് അനുവദിച്ചിട്ടുണ്ട്. ഇതിന് എതിര്‍ വാദമുന്നയിക്കാന്‍ സുന്നി വഖ്ഫ് ബോര്‍ഡിന് വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാ‍ഷകന്‍ രാജീവ് ധവാന് ഒരു മണിക്കൂറും വകയിരുത്തിയിട്ടുണ്ട്. വൈകിട്ട് അഞ്ച് മണിയോടെ 40 ദിവസം നീണ്ടുനിന്ന വാദം കേള്‍ക്കല്‍ അവസാനിക്കും.

നിലവിലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ് വിരമിക്കുന്ന നവംബര്‍ പതിനേഴിന് കേസില്‍ വിധി പറയുമെന്നാണ് സൂചന. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ എസ് .എ ബോബ്ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ് ‌എ നസീര്‍ എന്നിവരാണ് അഞ്ചംഗ ഭരണഘടന ബഞ്ചിലുള്ളത്. തര്‍ക്ക ഭൂമി മൂന്നായി ഭാഗിച്ചുള്ള അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയായ അപ്പീലുകളാണ് സുപ്രീം കോടതി പരിഗണിച്ചത്.