India National

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഏഴു ലക്ഷം കടന്നു, മരണം 20,000 കടന്നു

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഏഴു ലക്ഷം കടന്നു. 7,19,665 പേര്‍ക്കാണ് ഇതുവരെ കൊറോണ വൈറസ് ബാധ കണ്ടെത്തിയത്. 24 മണിക്കൂറിനിടെ 22,252 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം ഇന്നലത്തെ അപേക്ഷിച്ച്‌ കോവിഡ് കേസുകളില്‍ നേരിയ കുറവുണ്ട്. ഇന്നലെ കാല്‍ലക്ഷത്തോളം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഒരു ദിവസത്തിനിടെ 467 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ ആകെ എണ്ണം 20000 കടന്നു. 20,160 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കോവിഡ് സ്ഥിരീകരിച്ചവരില്‍ 2,59,557 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 4,39,948 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായും കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

കോവിഡ് വ്യാപനത്തിന് അറുതിയില്ലാതെ തുടരുന്ന മഹാരാഷ്ട്രയില്‍ ഇന്നലെ 5,368 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 204പേരാണ് മരിച്ചത്. 2,11,987പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 9,026പേര്‍ മരിച്ചു. 87,681പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 54.37ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്കെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.